കോഴിക്കോട്: കേരളത്തില്‍ ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിലെ വൈത്തിരിയില്‍ പൊലീസ് ക്വാട്ടേഴ്‌സ് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആറ് പേര്‍ സംഭവം നടക്കുമ്പോള്‍ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ ഉണ്ടായിരുന്നു. ഇതില്‍ അഞ്ച് പേരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. ഉരുൾപൊട്ടലിൽ ഒരു സ്ത്രീ മരണമടഞ്ഞതായി റിപ്പോർട്ട് ഉണ്ട്.കോഴിക്കോട് നിന്നോ കണ്ണൂരിൽ നിന്നോ വയനാട്ടിലേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. പലയിടത്തും മണ്ണിടിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
ഇടുക്കിയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ദമ്പതികള്‍ മരിച്ചു. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കുടുക്കുന്നേല് അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംസ്ഥാനത്തെ മലയോര മേഖല മഴയില്‍ ഏതാണ്ട് പൂര്‍ണായും ഒറ്റപ്പെട്ട നിലയിലാണ്. ഇടുക്കിയിലും വടക്കന്‍ കേരളത്തിലുമായാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. പലയിടത്തും ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്. അടിമാലിയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് ആറ് പേര്‍ അകപ്പെട്ടതായി സൂചനയുണ്ട്.
കണ്ണൂര്‍ ഇരിട്ടി കീഴങ്ങാനത്ത് ഉരുള്‍പൊട്ടിലില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ഇമ്മട്ടിയില്‍ തോമസ് (75), മകന്റെ ഭാര്യ ഷൈനി ജയ്‌സണ്‍ (40) എന്നിവരാണ് മരിച്ചത്. ആലപ്പുഴ പറവൂരില്‍ വെള്ളക്കെട്ടില്‍വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ മലയോരങ്ങളില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടി. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ്.
Post Your Comments