ന്യൂഡല്‍ഹി: ജൂലായ് 26, കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് 19 വര്‍ഷം. 1999 ജൂലൈ 26നായിരുന്നു കാര്‍ഗില്‍ യുദ്ധം. 14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളില്‍ തികച്ചും പ്രതികൂല സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും അവര്‍ തകര്‍ന്നില്ല. പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനികളെ തുരത്തിയത്. 1999 ജൂലൈ മൂന്നിനാണ് ടൈഗര്‍ ഹില്‍ പിടിച്ചടക്കാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചത്. രണ്ടര മാസം നടന്ന പോരാട്ടത്തിനൊടുവില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധമേഖലയായ ടൈഗര്‍ ഹില്‍ ഇന്ത്യ തിരിച്ചു പിടിച്ചതോടെയാണ് കാര്‍ഗില്‍ യുദ്ധം അവസാനിച്ചത്.
കാശ്മീരില്‍ ഇന്ത്യയും പാകിസ്താനും തത്ത്വത്തില്‍ അംഗീകരിച്ചിരിക്കുന്ന അതിര്‍ത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീര്‍ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാകിസ്താന് ആദ്യം യുദ്ധം കശ്മീര്‍ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്താന് പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി.
സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയര്‍ന്ന മലനിരകള്‍ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. അതിശൈത്യത്തെ തുടര്‍ന്ന് പലഭാഗത്തുനിന്നും സൈനികരെ പിന്‍വലിച്ച തക്കം നോക്കിയായിരുന്നു പാക് പട്ടാളം അതിര്‍ത്തി കടന്നത്. നിയന്ത്രണരേഖ പിന്നിട്ട് കിലോമീറ്ററോളം കടന്ന് പാകിസ്താനി പട്ടാളവും കാശ്മീര്‍ തീവ്രവാദികളും ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞു കയറി. ഇവരെ തുരത്താന്‍ സൈന്യം ഓപ്പറേഷന് വിജയ് ആരംഭിച്ചു.
72 ദിവസത്തോളമാണ് സൈനികര്‍ യുദ്ധത്തില്‍ പോരാടിയത്. 1999 മെയ് മുതല്‍ ജൂലൈ വരെ കാര്‍ഗിലിലും നിയന്ത്രണ രേഖയിലുമായി കനത്ത പോരാട്ടം നടന്നു. കര, നാവിക, വ്യോമ സേനകള്‍ യുദ്ധത്തില്‍ പങ്കാളികളായി. വ്യോമസേനയുടെ സഫേദ് സാഗര്‍ എന്ന ഓപ്പറേഷന് കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണായകമായി. 32,000 അടി ഉയരത്തില്‍ നിന്നും പാക്കിസ്താന് പട്ടാളക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചു.
കാശ്മീരിലെ കാര്‍ഗില്‍, ദ്രാസ്, ബതാലിക് മേഖലകളില്‍ പാക് സൈന്യവും കാശ്മീര്‍ തീവ്രവാദികളും നടത്തിയ നുഴഞ്ഞു കയറ്റമാണ് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചത്. ഇതിനു ശേഷം ജൂലൈ 26 കാര്‍ഗില്‍ വിജയ ദിവസ് എന്ന പേരിലാണറിയപ്പെടുന്നത്. രണ്ടരമാസം നീണ്ടുനിന്ന പോരാട്ടത്തില്‍ ഇന്ത്യക്ക് ഒട്ടേറെ സൈനികരുടെ ജീവന് നഷ്ടമായി. മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവര്‍ കാര്‍ഗില്‍ യുദ്ധത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്.
1999 ജൂലൈ 14 ന് ഇന്ത്യ പാക്കിസ്താന്റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായി. ഈ ദിവസം പ്രധാന മന്ത്രി ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. കാര്‍ഗില്‍ യുദ്ധ സ്മാരകം ദ്രാസ് സെക്ടറിലാണ് സ്ഥിതിചെയ്യുന്നത്. ഈ സ്മാരകത്തില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച എല്ലാ സൈനികരുടെയും പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments