ന്യൂഡല്‍ഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം സ്വിസ് ബാങ്ക് നിക്ഷേപം കൂടിയെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വിസ് ബാങ്ക് നിക്ഷേപം 80% കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
2014നു ശേഷം ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 50 ശതമാനം വര്‍ധിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് പിയൂഷ് ഗോയല്‍ രംഗത്തെത്തിയത്. 2016-2017 കാലത്ത് ഇന്ത്യക്കാരുടെ വിദേശനിക്ഷേപം 34 ശതമാനം കുറയുകയാണ് ചെയ്തത്. 2014ന് ശേഷം ഇതുവരെ മൊത്തത്തില്‍ 80 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. സ്വിസ് ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് സ്വിസ് സര്‍ക്കാര്‍ അറിയിച്ചതായും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
സ്വിസ് നിക്ഷേപങ്ങളെ സംബന്ധിച്ച് മാധ്യമങ്ങൾ നൽകുന്ന കണക്കുകൾ തെറ്റാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്വിസ് സ്ഥാപനങ്ങള്‍, ഇന്ത്യയില്‍നിന്നുള്ള സ്വിസ് ബാങ്ക് ഇടപാടകള്‍, സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ തുടങ്ങിയവയൊക്കെ ഇത്തരം കണക്കുകളില്‍ ഉള്‍പ്പെടാം. ഇതിനെയെല്ലാം കള്ളപ്പണമായി കണക്കാക്കാനാകില്ല. ഇത്തരം കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാതെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ പ്രസ്താവന നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments