ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കി പ്രമുഖ വൈദ്യുത വാഹന നിർമ്മാതാക്കളായ ടെസ്‌ല. നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് 16,000 കോടി രൂപ മൂല്യമുള്ള വാഹന നിർമ്മാണ ഘടകങ്ങൾ ഇറക്കുമതി ചെയ്യാനാണ് ടെസ്‌ല പദ്ധതിയിടുന്നത്. കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ 8,200 കോടി രൂപയുടെ ഘടകങ്ങൾ ടെസ്‌ല ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വർഷവും ഇന്ത്യയുമായി കൂടുതൽ വ്യാപാര ഇടപാടുകൾ നടത്താൻ ടെസ്‌ല താൽപ്പര്യം പ്രകടിപ്പിച്ചത്.
രാജ്യത്ത് ഏതാനും വർഷങ്ങളായി വൈദ്യുത വാഹനങ്ങളുടെ ഡിമാൻഡ് ഉയർന്നിട്ടുണ്ട്. അതിനാൽ, ടെസ്‌ല പോലെയുള്ള ആഗോള ഭീമന്മാരുമായുള്ള പങ്കാളിത്തം ഇന്ത്യൻ വാഹന വിപണിക്ക് ഉണർവ് പകരുന്നതാണ്. ഇന്ധനച്ചെലവ് ഉയരുന്നതിനാൽ, മിക്ക ആളുകളും വൈദ്യുത വാഹനങ്ങൾ വാങ്ങാനാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നത്. ഇതിനോടകം തന്നെ 28 ലക്ഷം വൈദ്യുത വാഹനങ്ങൾ ഇന്ത്യൻ നിരത്തിലുണ്ട്. 2022-ൽ വൈദ്യുത വാഹനങ്ങളുടെ വിപണി മൂല്യം 27,000 കോടി രൂപയായിരുന്നു. ഇവ 2029 ഓടെ 9.3 ലക്ഷം കോടി രൂപയായി ഉയർത്താനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. ഇന്ത്യയിലേക്ക് വൈദ്യുത വാഹന നിർമ്മാതാക്കളെ ആകർഷിക്കുന്നതിനും, ഈ മേഖലയിൽ കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ പുതിയ നയം രൂപീകരിക്കുന്നതാണ്.
Also Read: നൂഹ് കലാപ കേസ്: ഹരിയാനയിൽ കോൺഗ്രസ് എംഎൽഎ മാമ്മൻ ഖാൻ അറസ്റ്റിൽ
Post Your Comments