KeralaLatest News

ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളെ ഫ്‌ളാറ്റിലേയ്ക്ക് ക്ഷണിച്ച് പണം തട്ടുന്ന ദമ്പതികള്‍ പിടിയില്‍

കൊടുങ്ങല്ലൂര്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സൗഹൃദത്തിലാകുന്ന യുവാക്കളെ വീട്ടിലേയ്ക്ക് ക്ഷണിച്ച് അവരില്‍ നിന്ന് പണം തട്ടിയെടുക്കുന്ന യുവതിയും ഭര്‍ത്താവും അറസ്റ്റിലായി. വൈത്തിരി മേപ്പാടി പള്ളിത്തൊടി നസീമ എന്ന റാണി നസീമ (30), ഇവരുടെ മൂന്നാം ഭര്‍ത്താവും കേസിലെ മൂന്നാംപ്രതിയുമായ ചാവക്കാട് ബ്ലാങ്ങാട് തറപറമ്പില്‍ അക്ബര്‍ഷാ (33) എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകത്തിലേക്ക് കടന്ന ഇവരെ ഗൂഡല്ലൂരില്‍വച്ച് കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു.

യുവാവിനെ വിളിച്ചു വരുത്തി ഫ്ളാറ്റിലടച്ച് സ്ത്രീകളോടൊപ്പം ചിത്രങ്ങളെടുത്ത് പണംതട്ടിയ കേസിലാണ് അറസ്റ്റ്. ഇതേ കേസില്‍ ഒരു യുവതിയടക്കം നാലുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച കൊടുങ്ങല്ലൂരിലെ ഒരു ഫ്ളാറ്റില്‍ വച്ചായിരുന്നു സംഭവം. രണ്ടു യുവതികളടക്കം ആറംഗ സംഘമാണ് യുവാവിനെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയത്. സംഭവശേഷം രണ്ടായി പിരിഞ്ഞ സംഘം തൃശൂരും വയനാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. നാലു വര്‍ഷത്തോളമായി ഖത്തറിലും ബഹ്റൈനിലും ജോലി ചെയ്തിരുന്ന നസീമ ഒരുവര്‍ഷം മുമ്പ്് ഖത്തറില്‍വച്ച് പരിചയപ്പെട്ടയാളാണ് അക്ബര്‍ഷാ. അവിടെ നസീമ അനാശാസ്യത്തിന് പിടിയിലായപ്പോള്‍ ജയിലില്‍നിന്ന് ഇറക്കിയത് ഇയാളാണെന്നു പോലീസ് പറഞ്ഞു.

ഖത്തറില്‍നിന്ന് ആജീവനാന്ത വിലക്ക് കിട്ടിയ നസീമ ബഹ്റൈനില്‍ ജോലി നേടി. ഒരുമാസം മുന്‍പ് ഇരുവരും നാട്ടിലെത്തി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഖത്തറില്‍ വച്ചുതന്നെയാണ് നസീമ രണ്ടാം പ്രതി ഷമീനയുമായി പരിചയപ്പെടുന്നത്. ഷമീനയെ കാണിച്ചാണ് ഇവര്‍ യുവാക്കളോട് വില പേശിയിരുന്നതെന്നും പോലീസ് അറിയിച്ചു. അയ്യായിരം രൂപ വരെ നസീമ കമ്മീഷനായി മാത്രം ഇടാക്കുമത്രെ.

അറസ്റ്റിനിടയാക്കിയ കേസിലും ഷമീനയുടെ ഫോട്ടോ കാണിച്ചാണു യുവാവിനെ ഫ്ളാറ്റിലെത്തിച്ചത്. ഇവര്‍ മുറിയിലിരിക്കുമ്പോള്‍ അക്ബര്‍ഷായും കൂട്ടാളികളും സദാചാര പോലീസ് ചമഞ്ഞ് ഫ്ളാറ്റിലേക്ക് ഇടിച്ചുകയറി യുവാവിനെ മര്‍ദിച്ച് കട്ടിലില്‍ കിടത്തി ഫോട്ടോയെടുക്കുകയായിരുന്നു. കാറിന്റെ താക്കോലും എ.ടി.എം. കാര്‍ഡും കൈവശപ്പെടുത്തിയ സംഘം പഴ്സില്‍നിന്ന് ബലമായി 25,000 രൂപയും കൈക്കലാക്കി. മൂന്നുലക്ഷം രൂപ തന്നില്ലെങ്കില്‍ ഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണമിടാമെന്നു സമ്മതിച്ച് യുവാവ് രക്ഷപ്പെടുകയായിരുന്നു. ഈ സമയമത്രയും യുവതികള്‍ കരഞ്ഞു കാലുപിടിച്ച് അഭിനയിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഒരുമിച്ച് കാറില്‍ പോകുന്നതു കണ്ടപ്പോഴാണ് പരാതിക്കാരനു ചതിക്കപ്പെട്ടതാണെന്നു മനസിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button