ന്യൂഡൽഹി : ബിജെപി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ച റാഫേല്‍ വിമാന ഇടപാടു വിഷയം കടകം തിരിഞ്ഞു . ഫ്രാന്‍സുമായി നടത്തിയ വിമാന ഇടപാടില്‍ 45,000 കോടി രൂപയുടെ അഴിമതി നടന്നെന്നും ഇതിനാലാണു കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാത്തതെന്നുമായിരുന്നു രാഹുലിന്റെ പ്രധാന ആക്ഷേപം.
2008-ല്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച കരാറിലെ വ്യവസ്ഥകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് രാഹുലിനെ പ്രതിരോധിച്ചു. ഇടപാടു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പരസ്യമാക്കേണ്ടതില്ലെന്നു കരാറില്‍ വ്യവസ്ഥയുണ്ടെന്നു ചൂണ്ടിക്കാട്ടി ഫ്രാന്‍സിന്റെ വിശദീകരണക്കുറിപ്പും പുറത്തുവന്നതോടെ രാഹുലും കോണ്‍ഗ്രസും കൂടുതല്‍ പ്രതിരോധത്തിലാകുകയും ചെയ്തു.
Read also: പ്രധാനമന്ത്രിയുടെ പ്രസംഗം ഏറെ വേദനിപ്പിച്ചുവെന്ന് ചന്ദ്രബാബു നായിഡു
ഭരണത്തിന്റെ തണലില്‍ അരങ്ങേറുന്ന കോടികളുടെ അഴിമതിക്കഥകള്‍ സ്ഥാപിക്കാനാണ് റാഫേല്‍ വിമാന ഇടപാട് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഫ്രാന്‍സുമായി നടത്തിയ ജെറ്റ് വിമാനക്കരാര്‍ പരസ്യമാക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും ജനങ്ങളോടു നുണ പറയുകയാണെന്ന് രാഹുല്‍ ആക്ഷേപിച്ചു.
2008-ലാണ് 58,000 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചത്. 36 റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാര്‍. ഇടപാടു സംബന്ധിച്ച വിശദാംശങ്ങള്‍ പൂര്‍ണമായും പുറത്തുവിടാനാകില്ലെന്നാണ് വ്യവസ്ഥയിലുള്ളത്. ഇക്കാര്യം കരാറില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കരാര്‍ ലംഘിക്കുന്നത് റാഫേല്‍ വിമാനത്തിന്റെ സുരക്ഷയെയും പ്രവര്‍ത്തനശേഷിയെയും വിപരീതമായി ബാധിക്കും- ഫ്രഞ്ച് വിദേശകാര്യമന്ത്രാലയ വക്താവു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
Post Your Comments