ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയവെ സഭ ബഹിഷ്കരിച്ച് ഇറങ്ങി പോയ പ്രതിപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അദ്ധ്യക്ഷൻ ഗുലാം നബി ആസാദ്. ‘അവിശ്വാസ പ്രമേയത്തിന് തയ്യാറെടുത്താണ് പ്രതിപക്ഷ പാർട്ടികൾ സഭയിലെത്തിയത്. എന്നാൽ വോട്ടെടുപ്പിന്റെ സമയമായപ്പോൾ അവർ ഇറങ്ങി പോയി,’ ആസാദ് ചൂണ്ടിക്കാട്ടി. ബിജെപിക്കാണ് ഭൂരിപക്ഷമെന്നും അവർ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കുമെന്നും എല്ലാവർക്കും അറിയാമായിരുന്നു.
എന്നാൽ സമയമാകുമ്പോൾ ഇങ്ങനെ ഇറങ്ങിയോടാനായിരുന്നുവെങ്കിൽ പിന്നെ ഇതിനെ അവിശ്വാസ പ്രമേയം എന്ന് വിളിക്കുന്നത് എങ്ങനെയെന്നും ആസാദ് ചോദിച്ചു. കോൺഗ്രസ് ഇത് എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം അവിശ്വാസ പ്രമേയ ചർച്ചയിൽ മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് ലോക്സഭയിൽ ഉന്നയിച്ചത്.
വിശ്വാസ വോട്ടെടുപ്പിന് പ്രതിപക്ഷം എന്തുകൊണ്ടാണ് മതിയായ തയ്യാറെടുപ്പ് നടത്താതിരുന്നത് എന്ന് പ്രധാനമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന് തനിക്കെതിരെ തയ്യാറെടുപ്പ് നടത്താൻ അഞ്ച് വർഷങ്ങളാണ് നൽകിയത്. സ്വന്തം കരുത്തിൽ വിശ്വാസമില്ലാത്തവരാണ് അവിശ്വാസ പ്രമേയവുമായി വന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം അക്രമം രൂക്ഷമായ മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ഉറപ്പ് നൽകി.
വടക്കുകിഴക്ക് നമ്മുടെ ഹൃദയത്തിന്റെ ഭാഗമാണെന്നും അവിടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാനത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
Post Your Comments