സ്വയം മുഖം വികൃതമാക്കുക എന്ന് സാധാരണ പറയാറുണ്ട്. യഥാര്‍ഥത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിണമിച്ചത് അങ്ങിനെയാണ് എന്ന കാര്യത്തില്‍ സ്വബോധമുള്ള ആര്‍ക്കെങ്കിലും സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല. പ്രധാനമന്ത്രിയെയും ബിജെപിയെയും പ്രതിക്കൂട്ടിലാക്കാനും കഴിയുമെങ്കില്‍ ഭരണമുന്നണിയെ തളര്‍ത്താനും ഉദ്ദേശിച്ച് ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് സ്വന്തം കാല്‍ക്കീഴിലെ തന്നെ പിന്തുണ നഷ്ടപ്പെടുന്നത് കണ്ടുകൊണ്ടാണ് വെള്ളിയാഴ്ച രാത്രി വൈകി ലോകസഭയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടിവന്നത്. മാത്രമല്ല നരേന്ദ്ര മോഡി നടത്തിയ മറുപടി പ്രസംഗം എത്രമാത്രം ശക്തവും സോണിയ- രാഹുല്‍ മാരുടെ, അല്ല കോണ്‍ഗ്രസുകാരുടെ, നെഞ്ചില്‍ ചൂഴ്ന്നി റങ്ങുന്നതായിരുന്നു എണ്ണത്തിലും സംശയമുണ്ടായില്ല. 2019 ലേക്കുള്ള ചവിട്ടുപടി എന്ന നിലക്കാണ് പ്രതിപക്ഷം ഈ അവിശ്വാസ പ്രമേയത്തെ കണ്ടിരുന്നത്; അവര്‍ അത് തുറന്നുപറയുകയും ചെയ്തു. എന്നാല്‍ അവസാനമെന്താണ് സംഭവിച്ചത്. വിജയശ്രീലാളിതനായി, തന്റെ മറുപടി പ്രസംഗത്തിലൂടെ രാജ്യത്തെ കീഴടക്കിക്കൊണ്ട് കടന്നുവന്ന നരേന്ദ്ര മോദിയെ അല്ലെ രാഷ്ട്രം കണ്ടത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ഒരുങ്ങുന്ന രാഹുല്‍ ഗാന്ധി സ്വയം തുറന്നുകാട്ടപ്പെട്ടതും,പ്രതിപക്ഷ നിരയില്‍ ഒറ്റപ്പെട്ടതും ഇതോടെ ചരിത്രത്തിന്റെ ഭാഗമാവുന്നു. മറ്റൊന്ന്, ബാല്‍ താക്കറെയുടെ കാലത്തിന് ശേഷം, ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്ത ഒന്നായിശിവസേന മാറി എന്നതും ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെട്ടു.
ക ഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനകാലത്ത് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സഭ പ്രതിപക്ഷത്തിന്റെ തന്നെ നേതൃത്വത്തിലുള്ള ബഹളത്തിലമര്‍ന്നതിനാല്‍ അത് പരിഗണിക്കാനോ തീരുമാനിക്കാനോ ആയില്ല. അത് സര്‍ക്കാര്‍ കളിച്ച കളിയാണ് എന്നൊരു ആക്ഷേപം പിന്നെ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. അതുപോലെ ഇത്തവണയും അവിശ്വാസ പ്രമേയത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്നും അത് ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്നുമായിരുന്നു പ്രതിപക്ഷ ചിന്ത. അതാണ് ആദ്യമേ തകര്‍ന്നത്. പത്ത് ദിവസത്തിനകം പ്രമേയം ചര്‍ച്ചക്ക് എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ചര്‍ച്ചനടക്കട്ടെ എന്ന് സര്‍ക്കാര്‍ പറയുകയായിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ പ്രതിപക്ഷ നീക്കത്തെ സര്‍ക്കാര്‍ പരാജയപ്പെടുത്തിയിരുന്നു എന്നര്‍ത്ഥം. എന്നാല്‍ യഥാര്‍ഥത്തില്‍ അതല്ല പ്രതിപക്ഷത്തെ അലട്ടുന്നത് എന്ന് വ്യക്തം. ഈ ചര്‍ച്ചകള്‍ ലൈവ് ആയി ഇന്ത്യാരാജ്യം കണ്ടതാണ്; അവിടെ തുറന്നുകാട്ടപ്പെട്ടത് കോണ്‍ഗ്രസും പ്രതിപക്ഷവുമാണ്. ആ ക്ഷീണം മാറാന്‍ പ്രതിപക്ഷത്തിന്, പ്രത്യേകിച്ചും കോണ്‍ഗ്രസുകാര്‍ക്ക്, ഇനി എത്രതവണ ഗംഗയില്‍ കുളിക്കണം. അതേസമയം അഗ്‌നിശുദ്ധി വരുത്തി കൂടുതല്‍ കരുത്തുമായാണ് മോദിയും സംഘവും ലോകസഭക്ക് പുറത്തുവന്നത്.
544 അംഗ സഭയില്‍ ഇപ്പോഴുള്ളത് 534 പേരാണ്; സ്പീക്കര്‍ ഒഴികെ. പത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. അതില്‍ ബിജെപിക്ക് മാത്രം 273 അംഗങ്ങളുണ്ട്; അതിനു പുറമെയാണ് ഘടകകക്ഷികള്‍. മുന്നണിയിലില്ലാതാകക്ഷികളുടെ പിന്തുണ വേറെയും . അതുകൊണ്ട് തന്നെയാണ് ഈ പ്രമേയം വെറും രാഷ്ട്രീയക്കളി മാത്രമായിരുന്നു എന്നും അതിനെ ഭയപ്പെടേണ്ടതില്ല എന്നും ബിജെപി തീരുമാനിച്ചത്. മുന്‍പൊക്കെ ഇടക്കിടക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന ശൈലിയുണ്ടായിരുന്നു. എന്നാല്‍ മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് അങ്ങനെയൊന്ന് എത്തുന്നത്. അതിനെ വേണ്ടവിധം നേരിടുവാന്‍ ബിജെപിയും സര്‍ക്കാരും തീരുമാനിക്കുകയായിരുന്നു. ഇത് യഥാര്‍ഥത്തില്‍ ഒരുവെല്ലുവിളിയെ ആയിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
ഏറെ രസകരം, രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ പഴയ വെല്ലുവിളിയാണ്. തനിക്ക് പ്രസംഗിക്കാന്‍ പതിനഞ്ചു മിനിറ്റ് തന്നാല്‍ മതി, ഭൂകമ്പമുണ്ടാവും എന്ന് അദ്ദേഹം പറഞ്ഞിരുന്നുവല്ലോ. എന്താണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് എന്നത് രാജ്യം കേട്ടു ; ‘അതിശക്തമായ ഭൂകമ്പ’മുണ്ടായതും കണ്ടുവല്ലോ. പാര്‍ലമെന്ററി സംവിധാനത്തിലെ സാമാന്യമര്യാദകള്‍ അദ്ദേഹത്തിന് ഇനിയും വശമാക്കാനായിട്ടില്ല. വായില്‍തോന്നിയത് കോതക്ക് പാട്ട് എന്നമട്ടില്‍ എന്തൊക്കെയാണ് വിളിച്ചുപറഞ്ഞത്. സഭയില്‍ ആക്ഷേപമുന്നയിക്കണമെങ്കില്‍ അത് നേരത്തെ എഴുതിക്കൊടുക്കണം; അതൊന്നുമില്ലാതെയാണ് രാഹുല്‍ വിളിച്ചുകൂവിയത്. അതിന് മറുപടി പറയാന്‍ മോഡി ഇറങ്ങും മുന്‍പേ തന്നെ ഫ്രഞ്ച് സര്‍ക്കാര്‍ രംഗത്തുവന്നതും നാം കണ്ടു. പാര്‍ലമെന്റില്‍ രാഹുല്‍ ഫ്രഞ്ച് പ്രസിഡന്റിനെ ഉദ്ധരിക്കുകയായിരുന്നു; മാത്രമല്ല അതിന് സാക്ഷിയായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പേര് കൊണ്ടുവരികയും ചെയ്തു. അവസാനം രാഹുല്‍ പറഞ്ഞത് തെറ്റാണ് എന്ന പ്രതിരോധ മന്ത്രി രേഖകള്‍ സഹിതം ലോകസഭയെ ധരിപ്പിച്ചു. മാത്രമല്ല ഇന്തോ – ഫ്രാന്‍സ് ആയുധ ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പറ്റില്ലെന്ന് ധാരണയുണ്ടാക്കിയത് യുപിഎ ഭരണകാലത്താണ് എന്നതും രാജ്യത്തിന് ബോധ്യമായി. 2008 ല്‍ എന്തിനു വേണ്ടിയാണ് ഇങ്ങനെയൊരു കരാറുണ്ടാക്കിയത് എന്നത് രാജ്യത്തോട് പറയേണ്ട ഉത്തരവാദിത്വം ഇപ്പോള്‍ ആര്‍ക്കാണ്; കോണ്‍ഗ്രസുകാര്‍ക്ക് തന്നെ, സംശയമില്ല. മോദിയെ പ്രതിക്കൂട്ടിലാക്കാന്‍ ഇറങ്ങിത്തിരിച്ചിട്ട് രാഹുലും സോണിയയും പ്രഭൃതികളും സ്വയം പ്രതിസന്ധിയിലാവുകയല്ലേ ചെയ്തത്.
അവിശ്വാസ പ്രമേയം തള്ളപ്പെട്ടതോടെ പ്രതിപക്ഷത്തിന്റെ വായടഞ്ഞു എന്നതാണ് ഏറെ പ്രധാനപ്പെട്ടത്. ഇനി ഇതില്‍ക്കൂടുതല്‍ യാതൊന്നും അവര്‍ക്ക് ഇരു സഭകളിലും സര്‍ക്കാരിനെതിരെ ഉന്നയിക്കാനാവില്ല, ആക്ഷേപിക്കാനാവില്ല. എല്ലാത്തിനുമുള്ള അവസരമാണ് ലഭിച്ചത്. എന്തും പറയാനുള്ള അവസരം ലഭിച്ചിരിക്കുന്നു. എന്നാല്‍ സര്‍ക്കാറിനാവട്ടെ അവര്‍ക്കെതിരെ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനായി; അതിനൊപ്പം പ്രവര്‍ത്തനമികവ്, ജനക്ഷേമകരമായ പദ്ധതികള്‍ എന്നിവയൊക്കെ ജനമധ്യത്തിലെത്തിക്കാനും ഈ ചര്‍ച്ചയിലൂടെയായി. ഒരു തിരഞ്ഞെടുപ്പിന് ഒരുങ്ങി പുറപ്പെടുന്നതിന് മുന്‍പ് എന്തൊക്കെ വേണോ അതൊക്കെ ഈ ചര്‍ച്ചയിലൂടെ ബിജെപി പുറത്തെടുത്തു. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം മാത്രം മതിയല്ലോ പ്രതിപക്ഷത്തിന്; വേണ്ടതിലധികം അദ്ദേഹം കൊടുത്തു.
കോണ്‍ഗ്രസുകാര്‍ ഇത്രമാത്രം തുറന്നുകാട്ടപ്പെട്ട ഒരു അവിശ്വാസ പ്രമേയ ചര്‍ച്ച മുന്‍പ് നടന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല. കോണ്‍ഗ്രസുകാരുടെ ‘വഞ്ചനാ ചരിത്രം’ ഒന്നൊന്നായി തുറന്നുകാട്ടപ്പെട്ടില്ലേ. സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ പട്ടേല്‍, ജയപ്രകാശ് നാരായണന്‍ തുടങ്ങി ശരദ് പവാറും ദേവഗൗഡയും വരെയുള്ളവരെ കോണ്‍ഗ്രസ് അപമാനിച്ചതും ആക്ഷേപിച്ചതും മോഡി വിശദീകരിക്കുമ്പോള്‍ ടിവി സ്‌ക്രീനില്‍ തെളിഞ്ഞ സോണിയയുടെയും മറ്റും മുഖമൊന്ന് കാണേണ്ടതായിരുന്നു. മുഖത്ത് നോക്കി ഇതൊക്കെ പറയാന്‍ ഒരവസരത്തിന് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും ഭരണപക്ഷത്തുനിന്നുള്ള പല പ്രസംഗങ്ങളും കേട്ടാല്‍. നേരത്തെതന്നെ ജാമ്യവണ്ടി (ബെയില്‍ ഗാഡി) യാണ് കോണ്‍ഗ്രസ് എന്ന് മുന്‍പ് മോഡി പറഞ്ഞിരുന്നതോര്‍ക്കുക. സോണിയ മുതല്‍ മകനും മരുമകനും ആശ്രിതരും വരെ കോടതിത്തിണ്ണ നിറങ്ങിക്കഴിയുന്നത് രാജ്യം കാണുന്നുണ്ടല്ലോ. അഹമ്മദ് പട്ടേലും, ശശി തരൂരും, ചിദംബരവും ഭാര്യയും മകനുമൊക്കെ അക്കൂട്ടത്തിലുണ്ട്. അതൊക്കെ തുറന്നുപറയാന്‍ ഇപ്പോഴും ബിജെപിക്കാര്‍ തയ്യാറായില്ല എന്ന് സാമാന്യ മര്യാദയായി കണ്ടാല്‍ മതി. അതിനിടെയാണ് ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍ ദുബായ് വെച്ച് പിടിയിലായത്. അത് ചിലരുടെ രക്തസമ്മര്‍ദ്ദം വര്‍ധിപ്പിച്ചിരുന്നു എന്നതില്‍ സംശയമില്ല. അതും ഈ ചര്‍ച്ചക്കിടെ ഉന്നയിക്കാതിരുന്നത് ശവത്തില്‍ കുത്തണ്ട എന്ന് കരുതിയുമാവാം.
എന്തായി അവസാനഫലം…… ശിവസേന വഞ്ചനയുടെ തനിനിറം കാട്ടിയതൊഴിച്ചാല്‍, എന്‍ഡിഎ ഒറ്റക്കെട്ടായി നിലകൊണ്ടു; അതിന്റെ ഭാഗമല്ലാത്ത അണ്ണാ ഡിഎംകെ സര്‍ക്കാരിനൊപ്പം അണിനിരന്നില്ലേ. ടിആര്‍എസ്, ബിജെഡി തുടങ്ങിയ കക്ഷികള്‍ തങ്ങള്‍ പ്രതിപക്ഷത്താണ് എങ്കിലും കോണ്‍ഗ്രസിനൊപ്പമില്ല എന്ന് വ്യക്തമാക്കിയല്ലോ. അക്ഷരാര്‍ഥത്തില്‍ നരേന്ദ്ര മോദിയുടെ, ബിജെപിയുടെ കരുത്ത് രാജ്യത്തിന് കാണിച്ചുകൊടുക്കുന്നതായി ഈ വിശ്വാസവോട്ട്.
Post Your Comments