ബാങ്കോക്ക്: ഒന്‍പതു ദിവസങ്ങളില്‍ പാറയിടുക്കില്‍ നിന്ന് ഇറ്റുവീണ മഴവെള്ളം കുടിച്ചാണ് തങ്ങൾ ജീവൻ നിലനിർത്തിയതെന്ന് തായ്ലൻഡിലെ ഗുഹയിൽ നിന്ന് രക്ഷപെട്ട കുട്ടികൾ. പ്രത്യേക വാർത്താസമ്മേളനത്തിലാണു ഗുഹയ്ക്കുള്ളിലെ അനുഭവങ്ങൾ കുട്ടികൾ പറഞ്ഞത്. ജൂൺ 23നു നടന്ന പരിശീലനത്തിനു ശേഷം ഒരു മണിക്കൂറിനകം തിരിച്ചിറങ്ങണമെന്ന ലക്ഷ്യത്തോടെയാണു ഗുഹയിലേക്കു കയറിയത്. എന്നാൽ മഴ പെയ്ത് വഴി അടഞ്ഞു. രക്ഷിക്കാൻ ആരെങ്കിലും വരുന്നതു വരെ കാത്തിരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ. അതുകൊണ്ടു ചില ഭാഗങ്ങളിൽ പാറ കൊണ്ട് ഓരോരുത്തരായി ഊഴം വച്ചു കുഴിച്ചു. പക്ഷേ വഴി പൂർണമായും അടഞ്ഞെന്നു വ്യക്തമായതോടെ ആ ശ്രമം ഉപേക്ഷിച്ചതായി കോച്ച് ഏക്കപോൽ ചാന്ദവോങ് പറഞ്ഞു.
നീന്തലിൽ ആരും വിദഗ്ദരല്ലാത്തതിനാൽ അവിടെത്തന്നെ തങ്ങാൻ തീരുമാനിച്ചു. പാറക്കൂട്ടങ്ങൾക്കിടയിൽ നിന്ന് ഊറി വന്ന വെള്ളം മാത്രമായിരുന്നു ഭക്ഷണം. രണ്ടു ദിവസം കൂടി കഴിഞ്ഞതോടെ ഓരോരുത്തരായി ക്ഷീണിക്കാൻ തുടങ്ങി. വീട്ടുകാർ എന്തു പറയുമെന്ന പേടിയിലായിരുന്നു മിക്കവരും. ഇതിന് ഓരോരുത്തരും മാതാപിതാക്കളോടു വാർത്താസമ്മേളന വേദിയിൽ ക്ഷമ പറയുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം ലോകശ്രദ്ധ നേടിയ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കുന്നതെന്ന് തായ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വാര്‍ത്താസമ്മേളനത്തിന് നിയന്ത്രണങ്ങള്‍ വെച്ചിരുന്നു. നേരത്തെ തയാറാക്കിയ ചോദ്യങ്ങള്‍ മാത്രമേ കുട്ടികളോട് ചോദിക്കാന്‍ അനുവദിക്കൂ എന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Post Your Comments