വനിതാ സംവരണ ബില്ലിന്റെ പേരിൽ മുതലെടുപ്പിന് ശ്രമിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കനത്ത പ്രഹരം. പ്രധാനമന്ത്രിക്ക് രാഹുൽ അയച്ച കത്ത് പ്രധാനമന്ത്രി കാണുന്നതിന് മുൻപായി മാധ്യമങ്ങൾക്കു നൽകിയ കോൺഗ്രസിന് ഇന്നിപ്പോൾ മറുപതി അയച്ചത് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. അതാവട്ടെ കോൺഗ്രസിനെ, രാഹുൽ ഗാന്ധിയെ, അക്ഷരാർഥത്തിൽ പ്രതിക്കൂട്ടിലാക്കുന്നതും. വനിതാ സംവരണ ബില്ലിൽ ഇപ്പോൾ അമിത താല്പര്യം കാണിക്കുന്ന കോൺഗ്രസ് എന്തുകൊണ്ടാണ് മറ്റ് വനിതാ വിഷയങ്ങളിൽ ഇരട്ടത്താപ്പ് കാണിക്കുന്നത് എന്നും ഇത്തരം വിഷയങ്ങളിലൊക്കെ പ്രതിപക്ഷത്തെ മറ്റു കക്ഷികൾക്കുള്ള നിലപാട് എന്താണ് എന്ന് വ്യക്തമാക്കാനും നിയമമന്ത്രി രാഹുലിനോട് നിർദ്ദേശിച്ചിട്ടുണ്ട്. രാഹുലിനെപ്പോലെ ഒരാൾക്ക് താൻ മറുപടി എഴുതേണ്ടതില്ല എന്ന സന്ദേശവും ആ കത്തിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കുന്നുണ്ട്.
പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ വനിതാ സംവരണ ബില്ല് പാസാക്കാത്തതിൽ വല്ലാത്ത ആശങ്കയാണ് രാഹുൽ ഗാന്ധി പ്രകടിപ്പിച്ചത്. അതൊക്കെ ഉന്നയിച്ചുകൊണ്ട് ഡൽഹിയിൽ കോൺഗ്രസിന്റെ മഹിളാ വിഭാഗം ഒരു വാഹനജാഥയും നടത്തിയിരുന്നു. ആ ദിവസമാണ് രാഹുലിന്റെ കത്ത് പ്രധാനമന്ത്രിക്ക് അയച്ചു എന്ന് പറയുന്നത്. അപ്പോൾ അതൊരു രാഷ്ട്രീയ നാടകമായിരുന്നു എന്ന് വ്യക്തം. മാത്രമല്ല, വനിതാ സംവരണം എന്ന നിർദ്ദേശം ഉയർത്തിക്കൊണ്ടുവന്നത് ബിജെപിയാണ് എന്നും വാജ്പേയി സർക്കാരിന്റെ കാലത്താണ് അതിനുള്ള നീക്കങ്ങൾ തുടങ്ങിയത് എന്നും രവിശങ്കർ പ്രസാദ് തന്റെ കത്തിൽ രാഹുലിനെ ഓർമ്മിപ്പിക്കുന്നുണ്ട്. അന്ന് അക്കാര്യത്തിൽ സമവായം ഉണ്ടാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് പാസാക്കാൻ കഴിയാതിരുന്നത്. പിന്നീട് പത്ത് വര്ഷം ഇന്ത്യ ഭരിച്ചത് കോൺഗ്രസാണ്, യുപിഎ എന്ന പേരിൽ. യുപിഎ- രണ്ടിന്റെ കാലത്ത് ബിൽ രാജ്യസഭയിൽ കൊണ്ടുവന്നതാണ്. അന്ന് ആ സർക്കാരിനൊപ്പം ബിജെപി നിലകൊണ്ടു. അതുകൊണ്ടാണ് അന്ന് ആ ബിൽ രാജ്യസഭയിൽ പാസായത്. പക്ഷെ, എന്തുകൊണ്ടോ ആ ബില്ല് ലോകസഭയിൽ കൊണ്ടുവരാൻ കോൺഗ്രസ് അന്ന് തയ്യാറായില്ല അല്ലെങ്കിൽ അവിടെ ബിൽ അവതരിപ്പിച്ച് പാസാക്കാനുള്ള ആർജവം ആ സർക്കാർ കാണിച്ചില്ല. ഇപ്പോൾ ബില്ലിന് അനുകൂലമായി കോൺഗ്രസ് നിലപാടെടുത്തതിനെ സ്വാഗതം ചെയ്ത മന്ത്രി എന്തുകൊണ്ടാണ് മൂന്ന് വർഷക്കാലത്ത് ആ ബിൽ അവതരിപ്പിക്കാത്ത ലാപ്സാക്കിയത് എന്ന് ആരായുന്നുണ്ട്. എന്തുകൊണ്ടാണ് അഅങ്ങിനെ സംഭവിച്ചത് എന്നതിന് മറുപടി നൽകേണ്ടത് രാഹുൽ ഗാന്ധിയാണ് എന്ന് കേന്ദ്ര മന്ത്രി ഓർമ്മിപ്പിക്കുന്നു.
അതിനുശേഷമാണ് പ്രതിപക്ഷത്തെ കോൺഗ്രസിന്റെ സഖ്യകക്ഷികളുടെ നിലപാട് രവിശങ്കർ പ്രസാദ് ആരായുന്നത്. മുൻപ് ഈ ബിൽ അവതരിപ്പിച്ചപ്പോൾ സഭയിൽ ബഹളമുണ്ടാക്കുകയും സ്തംഭിപ്പിക്കുകയും ചെയ്ത ആ സഖ്യകക്ഷികൾ ഇപ്പോൾ ഇക്കാര്യത്തിൽ രാഹുലിനൊപ്പം നിൽക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. അതും രാഹുലിന് വിഷമമുണ്ടാക്കുന്ന ചോദ്യം തന്നെയാണ്. വേറൊന്ന്, ഏറെ രസകരം, സ്ത്രീകളുടെ അവകാശം സ്ത്രീകൾക്ക് സംവരണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ രാജ്യത്തെ മുഖ്യ കക്ഷികൾ, കോൺഗ്രസും ബിജെപിയുമൊക്കെ ഒന്നിച്ചുചിന്തിക്കുകയും ഒന്നിച്ചു നീങ്ങുകയും വേണമെന്ന ആഹ്വാനവും മന്ത്രി നടത്തുന്നുണ്ട്. അത് കോൺഗ്രസ് അംഗീകരിക്കുന്നുവെങ്കിൽ രണ്ടുകാര്യങ്ങൾ കോൺഗ്രസ് ചെയ്യണം. ഒന്ന്: വനിതാ സംവരണ ബിൽ പാസാക്കാൻ സഹകരിക്കുക. രണ്ട് ; മുസ്ലിം സ്ത്രീകളെ രക്ഷിക്കാനായി മുത്തലാക്കിനെതിരായും ‘നിക്കാഹ് ഹലാലാ’ക്ക് നിരോധിക്കാനുമുള്ള നിയമനടപടിക്ക്, പുതിയ നിയമം പാസാക്കാൻ, സർക്കാരിനൊപ്പം വരണം. ഇതിൽ അവസാനം സൂചിപിച്ച രണ്ടുകാര്യങ്ങൾ മുസ്ലിം സമൂഹത്തിലെ സ്ത്രീകൾക്കുള്ള അന്തസ്സും സ്വാതന്ത്ര്യവും നിഷേധിക്കുന്നതാണ് എന്നകാര്യത്തിൽ അഭിപ്രായഭിന്നത ഉണ്ടാവില്ലല്ലോ എന്നും രവിശങ്കർ പ്രസാദ് കോൺഗ്രസ് അധ്യക്ഷനോട് ചോദിക്കുന്നുണ്ട്. മുതലാക്കിന്റെ കാര്യത്തിൽ എന്നപോലെ പിന്നാക്ക വിഭാഗക്കാർക്കായുള്ള കമ്മീഷൻ രൂപീകരിക്കാൻ കേന്ദ്രം കൊണ്ടുവന്ന ബില്ലിനെയും കോൺഗ്രസ് രാജ്യസഭയിൽ എതിർത്തതാണ്. പിന്നാക്കക്കാർക്ക് ഗുണകരമാവുന്ന ആ നിയമം പാസാക്കാനും കോൺഗ്രസ് സഹകരിക്കണം എന്നതാണ് മറ്റൊരു നിർദ്ദേശം.
” ഇക്കാര്യങ്ങളിൽ താങ്കളുടെ പാർട്ടിയുടെ അഭിപ്രായം കാത്തിരിക്കുകയാണ് സർക്കാർ” എന്നുപറഞ്ഞാണ് കേന്ദ്ര മന്ത്രി തന്റെ കത്ത് അവസാനിപ്പിക്കുന്നത്. അതായത് വനിതാ സംവരണ ബിൽ വിഷയത്തിൽ ബിജെപിയെയും മോഡി സർക്കാരിനെയും അടിക്കാനുള്ള വടി തയ്യാറാക്കിയ രാഹുൽ വല്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ ചെന്ന് പെട്ടിരിക്കുകയാണ്. ഇനിയിപ്പോൾ എന്തെങ്കിലും പറഞ്ഞെ തീരൂ എന്നതാണ് അദ്ദേഹത്തിന്റെ അവസ്ഥ. അതേസമയം വനിതാ ബിൽ, മുത്തലാക്ക് തുടങ്ങിയ വിഷയങ്ങളിൽ ഇനിയിപ്പോൾ ഒരു നിലപാടും എടുക്കുക അവർക്ക് എളുപ്പമാവില്ല എന്നത് ഏറെക്കുറെ വ്യക്തവുമാണ്. തന്റേത് ‘മുസ്ലിം കോൺഗ്രസ്’ ആണ് എന്ന് പരസ്യമായി പറയുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന കോൺഗ്രസ് അധ്യക്ഷന് എങ്ങിനെ മുത്തലാക്ക് ബില്ലിനെ സഹായിക്കാൻ പറ്റും?. അതിനേക്കാൾ വിഷമം പിടിച്ചതാണ് ‘നിക്കാഹ് ഹലാലാ’ നിരോധിക്കാൻ സർക്കാരിനെ പിന്തുണക്കണം എന്ന നിർദ്ദേശം. ഇത് രണ്ടും കോൺഗ്രസ് അംഗീകരിക്കില്ല എന്നത് അറിഞ്ഞുകൊണ്ട് തന്നെയാണ് സർക്കാർ നീക്കങ്ങൾ നടത്തുന്നതെന്ന് വ്യക്തം.
അത് മാത്രമല്ല, വനിതാ സംവരണ ബിൽ, മുത്തലാക്ക് ബിൽ എന്നിവയുടെ കാര്യത്തിൽ യുപിഎയിലെ ഘടകകക്ഷികൾക്കിടയിൽ കടുത്ത ഭിന്നതയുണ്ട് എന്നതറിയാം. മുൻപ് കോൺഗ്രസ് ഭരണകാലത്ത് ആ ബില്ല് കൊണ്ടുവന്നപ്പോൾ വല്ലാതെ എതിർത്തത് ലാലു യാദവിന്റെയും മുലായം സിങ് യാദവിന്റെയും മായാവതിയുടെയും മറ്റും പാർട്ടികളാണ്. മുസ്ലിം ലീഗിന് അതൊക്കെ ചിന്തിക്കാനേ കഴിയില്ല. അപ്പോൾ പിന്നെ എങ്ങിനെയാണ് അത് പാസാക്കിയെടുക്കുക?. ബിജെപി, കേന്ദ്ര സർക്കാർ ഇപ്പോൾ രണ്ടാണ് ലക്ഷ്യമിടുന്നത്. ഒന്ന്, മുത്തലാക്ക്, ‘നിക്കാഹ് ഹലാലാ’ വിഷയങ്ങളിൽ കോൺഗ്രസിനെയും അതിന്റെ കൂട്ടാളികളെയും തുറന്നുകാട്ടുക; ഇസ്ലാമിക സമൂഹത്തിൽ അത് സജീവ ചർച്ചയാക്കുക. കഴിഞ്ഞദിവസം പ്രധാനമന്ത്രി യു. പിയിലെ തന്റെ പ്രസംഗത്തിൽ വിരൽചൂണ്ടിയത് അതിലേക്കാണല്ലോ. അതിനൊപ്പം വനിതാ സംവരണ ബില്ലിന്റെ കാര്യത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ജനമധ്യത്തിലെത്തിക്കുക. പാർലമെന്റ് സമ്മേളനം നടക്കുന്ന ഈ വേളയിൽ തീർച്ചയായും അത് സജീവചർച്ചയാക്കാനും ബിജെപിക്ക് കഴിയും.
Post Your Comments