KeralaLatest News

ശശീന്ദ്രന്റെ ഭാര്യയുടെ മരണത്തിൽ സർവത്ര ദുരൂഹത: ടീനയെ ചിലരുടെ നിർബന്ധത്തിനു വഴങ്ങി കോയമ്പത്തൂരിൽ ചികിൽസിച്ചതായും ആരോപണം

കൊച്ചി: മലബാര്‍ സിമന്റ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മരണത്തിൽ സർവ്വത്ര ദുരൂഹതയാണ് ഉള്ളത്. പനിയെത്തുടര്‍ന്നാണ്‌ ടീനയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ടീന ജോലി നോക്കുന്ന സ്ഥാപനത്തിലെ ചിലരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അവരെ കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. എന്നാൽ ശനിയാഴ്ച ടീന മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതാണു മരണത്തിലേക്കു നയിച്ചതെന്ന്‌ ആശുപത്രി അധികൃതര്‍ പറയുന്നുണ്ടെങ്കിലും ടീന ആരോഗ്യവതിയായിരുന്നു എന്നാണ് ബന്ധുക്കളുടെ സാക്ഷ്യം. മസ്തിഷ്‌ക മരണം ഉള്‍പ്പെടെ ടീനയ്ക്ക് സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഇതാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കാന്‍ കാരണമെന്ന് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. ടീനയുടെ മരണത്തോടെ ശശീന്ദ്രന്റെ കുടുംബം നാമാവശേഷമായി.

2011 ജനുവരി 24നായിരുന്നു ശശീന്ദ്രനും രണ്ട് മക്കളും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശീന്ദ്രനെയും മക്കളെയും കൊന്നതാണെന്ന് സഹോദരനടക്കമുള്ളവര്‍ ആരോപിക്കുകയും ചെയ്തിരുന്നു.ശശീന്ദ്രന്റെ കേസ് ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ളവര്‍ അന്വേഷിച്ചെങ്കിലും ഹൈക്കോടതി ഇത് സിബിഐക്ക് കൈമാറുകയായിരുന്നു. ഇവരുടെ മരണശേഷം ഷൊര്‍ണൂരില്‍ മെറ്റല്‍ ഇന്‍ഡസ്‌ട്രീസിലെ ജോലി ഉപേക്ഷിച്ച ടീന കോയമ്പത്തൂരില്‍ മാതാപിതാക്കളായ ബാലനും പ്രേമകുമാരിക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്‌.

പിന്നീട്‌ എറണാകുളത്തെ സ്വകാര്യസ്‌ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചതോടെ അവിടെ സ്‌ഥാപനം ഏര്‍പ്പാടാക്കിയ ഫ്‌ളാറ്റിലായിരുന്നു താമസം. പനി വന്നതോടെ ഇവിടെ ഉള്ള ചിലരാണ് ടീനയെ നിര്ബന്ധിപ്പിച്ചു കോവൈ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചതെന്ന്‌ ശശീന്ദ്രന്റെ സഹോദരന്‍ സനല്‍കുമാര്‍ ആരോപിച്ചു. കേസില്‍ മലബാര്‍ സിമെന്റ്‌സ്‌ കരാറുകാരനായ വി.എം. രാധാകൃഷ്‌ണനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്‌.

2014ല്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും വിചാരണ നടന്നിട്ടില്ല. അടുത്തിടെ ഈ ഹര്‍ജിയിലെ സുപ്രധാന രേഖകള്‍ ഹൈക്കോടതിയില്‍നിന്ന്‌ അപ്രത്യക്ഷമായിരുന്നു. ഇതില്‍ കോടതി ഇടപെട്ട്‌ അന്വേഷണം നടക്കുകയാണ്‌. കേസിലെ സാക്ഷിയെ 2013 ഫെബ്രുവരി 17ന്‌ ബസിടിച്ചു മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button