KeralaLatest News

സിപിഎം നേതാവിന്റെ കുടുംബം കുടുംബശ്രീയുടെ പേരില്‍ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി :സ്ത്രീകൾ കുത്തിയിരുപ്പ് സമരം നടത്തി

കൊല്ലം: ശക്തികുളങ്ങര പോലീസ് സ്‌റ്റേഷന് മുമ്പില്‍ സ്ത്രീകള്‍ കുത്തിയിരിപ്പു സമരം നടത്തി. സി പി എം പ്രാദേശിക നേതാവിന്റെ ഭാര്യയും മകളും ചേര്‍ന്നു കുടുംബശ്രീയുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ച്‌ ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് കുത്തിയിരുപ്പ് സമരം നടത്തിയത്. തയ്യല്‍തൊഴിലാളിയും വിധവയുമായ കൊല്ലം കാവനാട് കുരീപ്പുഴ സ്വദേശി ആമിനയും രണ്ടു പെണ്‍കുട്ടികളുമാണു കോരിച്ചൊരിയുന്ന മഴയത്തു പ്രതിഷേധവുമായി സ്‌റ്റേഷന് മുമ്പില്‍ കുത്തിയിരുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്ത് 17 ദിവസമായിട്ടും പ്രതികളെ പിടികൂടിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കൂടാതെ ഇവര്‍ക്ക് ഭീഷണി ഉള്ളതായും പറയുന്നു. ആമിനയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചും വ്യാജ ഒപ്പിട്ടും ബാങ്ക് വായ്പ തട്ടിയെടുത്തതെന്നാണ് പരാതി. ശിവകൃഷ്ണ സ്വയംസഹായ സംഘത്തിന്റെ പേരിലെടുത്ത വായ്പയില്‍ അടുത്തകാലം വരെ തിരിച്ചടവു നടന്നിരുന്നു. ഇടയ്ക്ക് മുടങ്ങിയതോടെ ബാങ്ക് അധികൃതര്‍ ആമിനയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറത്തായത്. ഏഴരലക്ഷം രൂപയോളം ഇനി തിരിച്ചടയ്ക്കാനുണ്ട്.

തയ്യല്‍ തൊഴിലാളികള്‍ക്കുള്ള വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞു നേതാവിന്റെ ഭാര്യ ആമിനയില്‍ നിന്ന് 2014 ല്‍ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയിരുന്നു. പിന്നീട് ആമിനയറിയാതെ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് വായ്പ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി. അതേസമയം സംഭവത്തില്‍ നഗരസഭാ കൗണ്‍സിലര്‍ക്കും പങ്കുണ്ടെന്ന സംശയം ഇവർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button