ഇസ്ലാമാബാദ്: അറസ്റ്റ് ഉറപ്പാണെന്ന് അറിഞ്ഞിട്ടും നവാസ് ഷെരീഫും മകളും പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്തിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പാക്കിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജൂലൈ 25ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ തനിക്ക് അനുകൂലമായ സഹതാപ തരംഗം സൃഷ്ടിക്കാനായിരിക്കും ഈ കീഴടങ്ങലിലൂടെ നവാസ് ഷെരീഫിന്റെ ലക്‌ഷ്യം. തിരിച്ചു വരവിലൂടെ അനുയായികളെ വന്‍ തോതില്‍ സംഘടിപ്പിക്കാനായെന്നും ഇത് തെരഞ്ഞെടുപ്പില്‍ അനുകൂല തരംഗമായി മാറുമെന്നുമുള്ള പ്രതീക്ഷയിലാണ് നവാസ് ഷെരീഫ്.
2008ല്‍ ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭൂട്ടോയുടെ പാര്‍ട്ടി നേടിയതിന് സമാനമായ അനുകൂല തരംഗമാണ് ഇവിടെയും പ്രതീക്ഷിക്കുക. ഇന്നലെ ലണ്ടനില്‍ നിന്ന് യാത്ര പുറപ്പെടുമ്പോള്‍ പാക്കിസ്ഥാന്റെ വിധി മാറ്റിയെഴുതാന്‍ തനിക്കൊപ്പം നില്‍ക്കണമെന്നും താന്‍ പ്രവര്‍ത്തിച്ചത് പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
തനിക്കെതിരെയുള്ള കുറ്റങ്ങള്‍ താരതമ്യേന ദുര്‍ബലമാണെന്നും കൃത്യമായ വിചാരണ നടന്നാല്‍ കേസ് തള്ളിപ്പോകുമെന്നും വിശ്വസിക്കുന്നു. അങ്ങനെ കേസ് തള്ളിപ്പോയാല്‍ ഇപ്പോഴത്തെ കീഴടങ്ങല്‍ ഭാവിയില്‍ രാഷ്ട്രീയ നേട്ടമായി മാറുമെന്നും ഇതിലൂടെ പാക്കിസ്ഥാന്‍ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ ശക്തനായി തിരിച്ചു വരാനാകുമെന്നാണ് നവാസ് ഷെരീഫ് കണക്കുകൂട്ടുന്നത്.
ലണ്ടനില്‍ നിന്ന് മടങ്ങി എത്തിയ ഷെരീഫിനേയും മകള്‍ മറിയം നവാസിനേയും ഇന്നലെയാണ് ലാഹോറിൽ വെച്ച് അറസ്റ്റ് ചെയ്തത്. മറിയത്തിന്റെ ഭര്‍ത്താവ് നേരത്തെ അറസ്റ്റിലായിരുന്നു. നവാസ് ഷെരീഫിനേയും മകളേയും പാര്‍പ്പിച്ചിരിക്കുന്ന റാവല്‍പിണ്ടിയിലെ അഡിയാല ജയിലിൽ ഇരുവർക്കും വി.ഐ.പി പരിഗണനയാണ് നല്‍കിയിരിക്കുന്നത്. കട്ടിൽ എ.സി, ടെലിവിഷന്‍, ഫ്രിഡ്ജ്, ദിനപത്രം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുണ്ട്.
അഴിമതിക്കേസില്‍ നവാസ് ഷെരീഫിന് പത്തും മകള്‍ക്ക് ഏഴും വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്.
Also read : നവാസ് ഷെരീഫിനും മകൾക്കും ബി ക്ലാസ് സൗകര്യം നൽകി ജയില്‍ അധികൃതര്‍
Post Your Comments