ഫ്രാങ്ക്ഫര്‍ട്ട്•വിമാനത്തിന്റെ ക്യാബിന്‍ മര്‍ദ്ദം നഷ്ടമായതിനെത്തുടര്‍ന്ന് 33 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജര്‍മ്മനിയിലെ ഡബ്ലിനില്‍ നിന്ന് ക്രൊയേഷ്യയിലേക്ക് പോകുകയായിരുന്ന റയാന്‍ എയര്‍ വിമാനത്തിലാണ് സംഭവം. മര്‍ദ്ദം നഷ്ടമായതിനെത്തുടര്‍ന്ന് യാത്രക്കാരില്‍ ചിലരുടെ ചെവിയിലൂടെ രക്തം വരുകയും മറ്റും ചെയ്തു. തുടര്‍ന്ന് വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
ക്യാബിന്‍ മര്‍ദ്ദം നഷ്ടമായതിനെത്തുടര്‍ന്ന് റയാന്‍ എയര്‍ FR7312 വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് ഓക്സിജന്‍ മാസ്ക്കുകള്‍ നല്‍കിയതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി.
37,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം ഏഴ് മിനിറ്റുകൊണ്ട് 10,000 അടി താഴെയെത്തിയതായി ഫ്ലൈറ്റ് റഡാര്‍ 24 ഡോട്ട് കോമിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
വിമാനം സാധാരണ ഗതിയില്‍ ലാന്‍ഡ് ചെയ്തതായും യാത്രക്കാരെ പുറത്തിറക്കിയതായും റയാന്‍ എയര്‍ വക്താവ് പറഞ്ഞു. കുറച്ചുപേര്‍ക്ക് മുന്‍കരുതല്‍ എന്ന നിലയില്‍ വൈദ്യസഹായം നല്‍കിയെന്നും റയാന്‍ എയര്‍ വ്യക്തമാക്കി.
വിമാനത്തിലുണ്ടായിരുന്ന 189 യാത്രക്കാരില്‍ 33 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജര്‍മ്മന്‍ പോലീസ് അറിയിച്ചു. ഇവരില്‍ ചിലര്‍ക്ക് ചെവിയിലൂടെ രക്തം വന്നിരുന്നു. ചിലര്‍ ഇപ്പോഴും ചികിത്സയിലാണെന്നും ജര്‍മ്മന്‍ പോലീസ് വക്താവ് അറിയിച്ചു.
സംഭവത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റയാന്‍ എയര്‍ ശനിയാഴ്ച രാവിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ക്രൊയേഷ്യയിലെ സദറിലേക്ക് ഒരു വിമാനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ചില യാത്രക്കാര്‍ അവരോടൊപ്പം യാത്ര തുടരാന്‍ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു.
37 രാജ്യങ്ങളിലേക്ക് പറക്കുന്ന റയാന്‍ എയര്‍ കഴിഞ്ഞ വര്‍ഷം 130 മില്യണ്‍ യാത്രക്കാരെ വഹിച്ചുകൊണ്ട് യൂറോപ്പിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി (യാത്രക്കാരുടെ എണ്ണത്തില്‍) മാറിയിരുന്നു.
Post Your Comments