ലണ്ടന്‍: അപൂർവ്വതകളുടെ ദിനമായിരുന്നു വെള്ളിയാഴ്ച വിംബിൾഡണിൽ. കെവിന് ആന്ഡേഴ്സണ്-ജോണ്‍ ഇസ്നര്‍ മത്സരം സമയദൈര്‍ഘ്യത്തില്‍ റെക്കോർഡ് തിരുത്തിയതിന് പിന്നാലെ റാഫേല്‍ നദാല്‍-നൊവാക് ജോക്കോവിച്ച് സെമി പോരാട്ടം ഇടയ്ക്കുവച്ചു നിർത്തി. മത്സരത്തില്‍ 6-4, 3-6, 7-6(11-9) എന്ന സ്കോറിന് ജോക്കോവിച്ച് മേൽക്കൈ നേടി നിൽക്കവെയാണ് മത്സരം തത്കാലത്തേക്ക് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ശേഷിക്കുന്ന മത്സരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഒന്നിന് സെന്റർ കോർട്ടിൽ നടക്കും.
Also Read: ഇന്ത്യൻ പുലി’ക്കുട്ടികൾക്ക്’ തായ്ലൻഡിൽ വിജയത്തുടക്കം
വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടിനു മേല്‍ക്കൂര നിര്‍മിച്ചശേഷം, രാത്രി പതിനൊന്ന് മണിക്ക് ശേഷം കോര്‍ട്ടില്‍ മത്സരം നടത്താന്‍ പാടില്ലെന്നു മെര്‍ട്ടന്‍ കൗണ്‍സിലുമായി ധാരണയുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നിനു തുടങ്ങിയ കെവിന് ആന്ഡേഴ്സണ്-ജോണ്‍ ഇസ്നര്‍ പോരാട്ടം ആറര മണിക്കൂറോളം നീണ്ടതോടെ നദാല്‍-ജോക്കോവിച്ച് പോരാട്ടം സെന്റര്‍ കോര്‍ട്ടില്‍ വളരെ വൈകിയാണ് ആരംഭിച്ചത്.
സമയം പതിനൊന്നിന് അടുക്കുകയും രണ്ടു മണിക്കൂറും അൻപത്തിമൂന്ന് മിനിറ്റ് പിന്നിട്ടിട്ടും ജോക്കോവിച്ച്-നദാല്‍ മത്സരത്തില്‍ ഫലം കാണാതിരുന്നതിനാൽ മത്സരം തല്കാലത്തേയ്ക്ക് അവസാനിപ്പിക്കാന്‍ വിംബിള്‍ഡണ്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ജോക്കോവിച്ച്-നദാല്‍ പോരാട്ടത്തിനുശേഷം സെന്റര്‍ കോര്‍ട്ടില്‍ ആഞ്ചലിക് കെര്‍ബര്‍-സെറീന വില്ല്യംസ് വനിതാ സെമി ഫൈനല്‍ നടക്കും.
Post Your Comments