വയനാട്: ശക്തമായ മഴയില്‍ വയനാട് ജില്ലയില്‍ വന്‍ നാശനഷ്ടം. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. തിങ്കളാഴ്ച ഉച്ചയോടെ പെയ്യാന്‍ തുടങ്ങിയ മഴയ്ക്ക് ഇതുവരെയും ശമനമില്ല. മാനന്തവാടി വെള്ളിയൂര്‍ കാവും പരിസരങ്ങളും വെള്ളത്തില്‍ മുങ്ങി. വൈത്തിരി താലൂക്കിലാണ് മഴ ഏറ്റവുമധികം ദുരിതം വിതച്ചത്.
ദുരിത ബാധിതരെ തിങ്കളാഴ്ച രാത്രി തന്നെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നൂറോളം കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. ഇതിനിടെ മണിയന്‍കോട് കെ എസ് ഇ ബി സബ് സ്‌റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ കുടുങ്ങി. പുറത്ത് കടക്കാന്‍ കഴിയാതെ ജീവനക്കാര്‍ മണിക്കൂറുകളോളമാണ് കുടുങ്ങിയത്. തുടര്‍ന്ന് കുടുങ്ങിക്കിടന്ന മൂന്ന് ജീവനക്കാരെ പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.
മേപ്പാടിയിൽ രണ്ടു വീടിന്റെ മുകളില്‍ മണ്ണിടിഞ്ഞ് വീണു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പനമരത്ത് പെട്രോള്‍ പമ്പിന് മുകളില്‍ മണ്ണിടിഞ്ഞ് വീണെങ്കിലും ആളപായമില്ല. ജില്ലയുടെ പല ഭാഗത്തും ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണെന്നും ജനങ്ങള്‍ യാത്ര ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി നല്‍കി. വെള്ളം കയറി ഒറ്റപ്പെട്ട പ്രദേശങ്ങളെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇവിടെ നാല് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. വൈദ്യുതി ബന്ധം താറുമാറായി.
Post Your Comments