ദുബായ് : ജയില്‍ മോചിതനായ ശേഷം അറ്റ്‌ലസ് രാമചന്ദ്രന്‍ തന്നെ പണം തന്ന് സഹായിച്ച ബിസിനസ്സുകാരുമായി കൂടിക്കാഴ്ച നടത്തി. ഒരു രൂപ പോലും നില്‍ക്കാതെ എല്ലാ കടങ്ങളും താന്‍ വീട്ടുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പ് നല്‍കി.
ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലും വ്യാപിച്ചു കിടന്നിരുന്ന അറ്റ്‌ലസ് ജ്വല്ലറി വീണ്ടും ശക്തമായി തിരിച്ചു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നടക്കും. ഇതിനായി ചില ബിസിനസ്സുകാര്‍ തന്നെ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ബിസിനസ്സ് പുനരുജ്ജീവിപ്പിക്കുന്നതിനായി അടുത്ത 30 ദിവസത്തിനുള്ളില്‍ ക്രെഡിറ്റേഴ്‌സ് ആയി മറ്റൊരു കൂടിക്കാഴ്ചയും നടക്കുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ അക്കൗണ്ട്‌സും ആസ്തികളുടേയും, ബാധ്യതകളുടേയും കടങ്ങളുടേയും ലിസ്റ്റുകള്‍ ഇന്ത്യയിലേയും ജിസിസി രാജ്യങ്ങളിലേയും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഒരു കാലത്ത് സിനിമാ നിര്‍മാതാവായും, നടനായും പിന്നെ അറ്റ്‌ലസിന്റെ ബോസായും തിളങ്ങി സെലിബ്രിറ്റി പദവിയിലിരിക്കുമ്പോഴായിരുന്നു തന്റെ പതനം എന്നും , പിന്നെ ജയിലഴിയ്ക്കുള്ളിലെ തന്റെ ജീവിതവും അദ്ദേഹം വേദനയോടെ തന്നെ സഹായിച്ചവരോട് പറഞ്ഞു. നിങ്ങളുടെയെല്ലാം പിന്തുണ ഒന്നു കൊണ്ടുമാത്രമാണ് ഞാന്‍ ജയിലിനുള്ളില്‍ നിന്നും പുറത്തെത്തിച്ചതെന്നും അദ്ദേഹം നന്ദിയോടെ സ്മരിച്ചു.
മൂന്നുവര്‍ഷത്തോളം നീണ്ട ജയില്‍വാസത്തിനുശേഷമാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായത്.. വായ്പ നല്‍കിയ ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളുമായി ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്നായിരുന്നു മോചനം. വിവിധ ബാങ്കുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമായി 55കോടിയിലേറെ ദിര്‍ഹത്തിന്റെ (ആയിരം കോടിയോളം രൂപ) വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കേസില്‍ 2015 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ആദ്യം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ദുബായ് കോടതി മൂന്നുവര്‍ഷ തടവുശിക്ഷ വിധിക്കുകയായിരുന്നു.
Post Your Comments