Latest NewsInternational

ലോകത്തിന്റെ പ്രാര്‍ത്ഥന ഫലം കണ്ടു : ഗുഹയില്‍ നിന്ന് നാല് പേര്‍ പുറത്തെത്തി

ബാങ്കോക്ക് : ലോകത്തിന്റെ പ്രാര്‍ഥന ഫലം കണ്ടു. , തായ്ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ നാലു കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവര്‍ ചിയാങ് റായിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു പേര്‍ ഗുഹയ്ക്കകത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ചേംബര്‍ 3 എന്നറിയപ്പെടുന്ന ബേസ് ക്യാംപിനു സമീപമാണ് ഇവരെത്തിയിട്ടുള്ളത്. ഇരുവരും സുരക്ഷിതമേഖലയിലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ശേഷിച്ച ഏഴു പേര്‍ക്കായി പത്തു മണിക്കൂറിനകം രണ്ടാം ഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. ഇവര്‍ ഗുഹാമുഖത്തേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും നിലവില്‍ വിശ്രമത്തിലാണെന്നും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സംഘത്തലവന്‍ നാരോങ്‌സാങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് അവസാനിച്ചതായി തായ്ലന്‍ഡ് നേവി സീല്‍ സമൂഹമാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ വ്യക്തമാക്കി

അതിനിടെ ഗുഹയ്ക്കു സമീപം മഴ ആരംഭിച്ചത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. നിര്‍ണായക ദിവസം ഇന്നാണെന്നു വ്യക്തമാക്കിയ രക്ഷാസംഘം ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തിനാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വൈകിട്ട് 5.40ന് ആദ്യത്തെ കുട്ടിയെ പുറത്തെത്തിച്ചു. 5.50ന് രണ്ടാമത്തെയാളും പുറത്തെത്തി. മൂന്നാമന്‍ 7.40നും നാലാമത്തെ കുട്ടി 7.50നും പുറത്തെത്തി. ഇതിനു പിന്നാലെയാണു രണ്ടു കുട്ടികളെ ഗുഹയിലെ ബേസ് ക്യാംപിനു സമീപത്ത് എത്തിച്ചത്. ഡൈവിങ് സംഘങ്ങള്‍ക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ഇതുവരെ ഒരു കിലോമീറ്റര്‍ ദൂരം കുട്ടികള്‍ രക്ഷാസംഘത്തോടൊപ്പം ഡൈവിങ് നടത്തി. കുട്ടികളെ തങ്ങളോടു ചേര്‍ത്തു വച്ചാണു ഡൈവിങ് സംഘത്തിന്റെ മുന്നേറ്റം.

വിദേശത്തു നിന്നുള്ള 50 ഡൈവര്‍മാരും തായ്ലന്‍ഡില്‍ നിന്ന് 40 പേരുമാണു നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുള്ളത്. രണ്ടാം ഘട്ട ദൗത്യത്തിന് 10 മുതല്‍ 20 മണിക്കൂര്‍ വരെ സമയമെടുക്കും. കാലാവസ്ഥ ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും മുന്നോട്ടു പോവുക

പുറത്തെത്തിക്കുന്ന ഓരോരുത്തര്‍ക്കുമായി 13 മെഡിക്കല്‍ സംഘങ്ങളാണു ഗുഹയ്ക്കു സമീപം കാത്തിരിക്കുന്നത്. ഓരോ സംഘത്തിനും ഒരു ഹെലികോപ്ടറും ആംബുലന്‍സും വീതം നല്‍കിയിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം എല്ലാവരെയും ചിയാങ് റായിയിലെ താല്‍ക്കാലിക മിലിട്ടറി ഹെലിപാഡിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇതിനു സമീപത്തെ ചിയാങ് റായി പ്രചനുക്രോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button