ദുബായ് : മോഷ്ടിച്ച 46 ആഡംബര കാറുകള്‍ കണ്ടയ്‌നറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ സംഘം പൊലീസ് പിടിയിലായി. ദുബായ് പൊലീസ് നടത്തിയ ഓപ്പറേഷനില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 11 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 20,59,28,083 രൂപ) മൂല്യം വരുന്ന 46 ആഡംബരകാറുകളാണ് പിടികൂടിയത്. വാഹനകടത്തിന് നേതൃത്വം നല്‍കിയ നാലു സംഘത്തെയും പൊലീസ് കുടുക്കി. സിഐഡി ഓഫിസര്‍മാരുടെ തികഞ്ഞ പ്രൊഫഷണലിസമാണ് വമ്പന്‍ സംഘത്തെ കുടുക്കാന്‍ സഹായിച്ചതെന്ന് ദുബായ് പൊലീസ് ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അബ്ദുല്ല ഖാലിഫ അല്‍ മറി പറഞ്ഞു.
എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാര്‍ മോഷണങ്ങളുമായി ബന്ധപ്പെട്ട് ദുബായ് പൊലീസിന്റെ ഡാറ്റ അനലൈസ് സെന്ററിലാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് സിഐഡി ഡയറക്ടര്‍ ലഫ്. കേണല്‍. ഏദല്‍ അല്‍ ജുക്കര്‍ പറഞ്ഞു. സംഘത്തിന്റെ പ്രവര്‍ത്തന രീതിയും പഠിച്ചു. കേസ് അന്വേഷണത്തിനും ഗ്യാങ്ങിനെ പിടികൂടുന്നതിനും ദുബായ് പൊലീസ് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. ഓരോരുത്തര്‍ക്കും അവരുടെ ജോലി കൃത്യമായി പറഞ്ഞു കൊടുക്കുകയും ചെയ്തു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാല് ഗ്യാങ്ങുകള്‍ ആണ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതെന്ന് കണ്ടെത്തി. ഇവര്‍ വിസിറ്റിങ് വീസയിലാണ് രാജ്യത്ത് എത്തിയിരുന്നത്. തുടര്‍ന്ന് ആഡംബര കാറുകള്‍ ലക്ഷ്യമിടുകയും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കംപ്യൂട്ടറുമായുള്ള കാറിന്റെ ബന്ധം വേര്‍പ്പെടുത്തുകയും ചെയ്യും. എന്‍ജിന്‍ നശിപ്പിച്ചശേഷം കാറുകള്‍ യുഎഇയ്ക്ക് പുറത്തേക്ക് കടത്തുകയും ചെയ്യുന്നതായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.
ഷാര്‍ജ, അജ്മാന്‍ പൊലീസിന്റെ സഹായത്തോടെയാണ് ദുബായ് പൊലീസ് വന്‍ സംഘത്തെ പിടികൂടിയത്. കാര്‍ഗോ കപ്പല്‍ വഴി കടത്താന്‍ ശ്രമിച്ച 17 ആഡംബര കാറുകള്‍ തുറമുഖത്തുവച്ച് പിടികൂടി. 13 കാറുകള്‍ ദുബായിലെ അല്‍ അവീറില്‍ നിന്നുമാണ് കണ്ടെത്തിയത്. പന്ത്രണ്ടില്‍ അധികം കാറുകള്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. നാലു കാറുകള്‍, വാഹനങ്ങള്‍ മോഷ്ടിക്കാനും സംഘം ഉപയോഗിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments