
തിരുവനന്തപുരം : പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പി: സുദേഷ്‌കുമാറിന്റെ മകള്‍ സ്‌നിഗ്‌ധ കുമാര്‍ മർദിച്ച കേസിലെ ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവറെ കാണാനില്ല. ഏകദൃക്‌സാക്ഷിയായ തിരുവനന്തപുരം സ്വദേശിയെ കാണാതായതിനെ തുടർന്ന് ഇയാൾക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സംഭവശേഷം ഇയാളുടെ ഓട്ടോയിലാണു സ്‌നിഗ്‌ധ തലസ്‌ഥാനത്തെ എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പോയത്. ആശുപത്രിയില്‍ ഡോക്‌ടറോടു പറഞ്ഞത് ഓട്ടോ ഇടിച്ച് പരുക്കേറ്റെന്നാണ്.
ALSO READ: എഡിജിപിയുടെ മകളുടെ മര്‍ദ്ദനം: രണ്ടുമല്ല ഗവാസ്‌കര്‍ നാലും കല്‍പിച്ച് മുന്നോട്ട്
ഇക്കാര്യം ഡോക്‌ടര്‍ ആശുപത്രി രജിസ്‌റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്‌തു. ഓട്ടോ ഡ്രൈവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും നോട്ടീസ് ഇറക്കുന്നതു പരിഗണനയിലാണെന്നും അന്വേഷണസംഘം വ്യക്‌തമാക്കി. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും സ്‌നിഗ്‌ധയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തയാറാകാത്തതിനു പിന്നില്‍ ഐ.പി.എസ്. അസോസിയേഷന്റെ സമ്മര്‍ദമാണ്. ദാസ്യപ്പണി വിവാദത്തേത്തുടര്‍ന്നു പോലീസ് ആസ്‌ഥാനത്തു ചേര്‍ന്ന അസോസിയേഷന്‍ യോഗത്തില്‍ ഔദ്യോഗികപക്ഷവും തച്ചങ്കരി പക്ഷവും ഒന്നിച്ച് സുദേഷ്‌കുമാറിനു പിന്നില്‍ അണിനിരന്നു.
കേസിൽ ഹൈക്കോടതി നിലപാട് ഗവാസ്‌കര്‍ക്ക് അനുകൂലമാണ്. സ്‌നിഗ്‌ധയുടെ എതിര്‍പരാതിയില്‍ ഗവാസ്‌കറുടെ അറസ്‌റ്റ് തടഞ്ഞ ഹൈക്കോടതി, എ.ഡി.ജി.പിയുടെ മകള്‍ക്കു പ്രത്യേകപരിഗണനയില്ലെന്നും വ്യക്തമാക്കിയിരുന്നു.
Post Your Comments