സംസ്ഥാന പോലീസ് സേനയുടെ പ്രതിച്ഛായയ്ക്ക് അപ്പാടെ മങ്ങല്‍ സംഭവിച്ച ഒന്നായിരുന്നു പോലീസ് ഡ്രൈവറെ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച സംഭവം. സംസ്ഥാന പോലീസ് സേനയില്‍ കീഴുദ്യോഗസ്ഥര്‍ ദാസ്യപ്പണി എടുക്കേണ്ടി വരുന്നുവെന്നതിന്റെ വാര്‍ത്തകള്‍ ഈ സംഭവത്തിന് പിന്നാലെ ധാരാളമായി എത്തിയിരുന്നു. അഥര്‍ ഡ്യുട്ടി എന്ന പേരില്‍ കീഴുദ്യോഗസ്ഥര്‍ ഉന്നത പോലീസ് മേധാവികളുടെ വീട്ടില്‍ നായയെ കുളിപ്പിക്കേണ്ടി വന്നുവെന്ന വാര്‍ത്ത കേരളത്തിന് ലജ്ജയോടെ തല താഴ്ത്തേണ്ട അവ്സഥ വരെ കൊണ്ടെത്തിച്ചു.
എന്നാല്‍ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ നിയമ പോരാട്ടതിന് ഒരുങ്ങുന്നുവെന്നത് സംസ്ഥാന പോലീസ് സേനയില്‍ ഇനി ഇത്തരമൊരു പ്രവണത ആവര്‍ത്തിക്കരുത് എന്നതിന്റെ സൂചനയാണ്. തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സമ്മതിക്കാമെങ്കില്‍ മാത്രം ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്ന നിയമ നടപടികള്‍ അവസാനിപ്പിച്ച് കേസ് ഒത്തുതീര്‍പ്പിലെത്തിക്കുന്ന കാര്യം ആലോചിക്കാമെന്ന് ഗവാസ്‌കര്‍ പറയുന്നു. ഇതിനിടെ കേസ് ഐപിഎസ് തലത്തിലും ഒത്തു തീര്‍ക്കാന്‍ ശ്രമിച്ചുവെന്നതും ഉന്നത സമ്മര്‍ദ്ദത്തിന്റെ തെളിവാണ്. എന്നാല്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി നിയമ പേരാട്ടത്തില്‍ നിന്ന് പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
ഗവാസ്‌കര്‍ പത്തു ദിവസത്തെ ചികിത്സയ്ക്കു ശേഷം പേരൂര്‍ക്കടയിലെ സായുധ ക്യാംപിലുള്ള പോലീസ് ക്വാട്ടേഴ്സിലാണ് ഇപ്പോള്‍. എഡിജിപിയുടെ അറിവേടെയാണ് മകള്‍ തന്നെ മര്‍ദ്ദിച്ചതെന്നും സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു. തന്നെ മര്‍ദ്ദിക്കുന്നതിന്റെ തലേ ദിവസം വാഹനത്തില്‍ വെച്ച് എഡിജിപിയുടെ മകള്‍ തന്നെ അസഭ്യം പറഞ്ഞിരുന്നു. ഇത് താന്‍ എഡിജിപിയെ അറിയിച്ചിരുന്നെന്നും ഇത് അദ്ദേഹത്തില്‍ ദേഷ്യമുണ്ടാക്കിയിട്ടുണ്ടാകാമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. ഇതിനിടെ തന്നെ ഡ്രൈവര്‍ സ്ഥാനത്ത് നിന്നും മാറ്റി തരണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പുറമേ എഡിജിപിയുമായി കാറില്‍ പോകുമ്പോള്‍ വണ്ടി ചെറുതായി ഉലയുകയോ മറ്റോ ചെയ്താല്‍ ശക്തമായി ശകാരിക്കും. എതിരെ വന്ന കാറില്‍ നിന്നും രക്ഷപെടാന്‍ പെട്ടന്ന് ബ്രേക്കിട്ടതിനാണ് മുന്‍ ഡ്രൈവറെ ഇദ്ദേഹം മാറ്റിയതെന്നും ഗവാസ്‌കര്‍ പറയുന്നു. സംസ്ഥാന പോലീസ് സേനയിലെ ഇത്തരം നീച കൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ട സംസ്ഥാന സര്‍ക്കാരും ഇപ്പോള്‍ മൗനത്തിലാണ്. പോലീസ് വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തു കൊണ്ട് ഈ വിഷയത്തില്‍ കൃത്യമായ തീരുമാനമെടുക്കുന്നില്ല എന്നുള്ളതും ഇപ്പോള്‍ ജനഹൃദയങ്ങളില്‍ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്.
സംസ്ഥാന പോലീസ് സേനയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു വേണ്ടി മാത്രമായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം നമ്മെ ഞെട്ടിച്ചിരുന്നു. ഇത്തരം ജോലികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ശമ്പളം ലഭിക്കില്ലെന്നും അത് ഉദ്യോഗസ്ഥര്‍ തന്നെ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശമുണ്ടായതായും ഓര്‍ക്കണം. പോലീസ് എന്നാല്‍ ജന സേവനത്തിന്റെയും സംരക്ഷണയുടെയും ഭടന്മാരാണ്. സ്ഥാന വ്യത്യാസങ്ങളില്ലാതെ ഒരേ കാക്കി അണിയുന്നവരായി വേണം പോലീസ് എന്നും പെരുമാറാന്‍. കീഴുദ്യോഗസ്ഥര്‍ക്ക് സ്നേഹവും ബഹുമാനവും നല്‍കി വേണം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യേണ്ടത്.
കേരളം പണ്ടു കാലത്ത് സാക്ഷിയായിരുന്ന ജന്മി കുടിയാന്‍ വ്യവസ്ഥിതി ഒളിഞ്ഞും തെളിഞ്ഞും പല മേഖലയിലുമുണ്ടെന്നതിന്റെ തെളിവാണ് ഗവാസ്‌കര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് അനുഭവിക്കേണ്ടി വന്ന വേദന. സാംസ്‌കാരിക കേരളമെന്ന പേരിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവണതകള്‍ ഇനി ഉണ്ടായിക്കൂടാ. ഭരണ തലത്തിലും ഉദ്യോഗ തലത്തിലും സുതാര്യതയും സമത്വവും കൈവരിക്കാനും അത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും സംസ്ഥാന സര്‍ക്കാരിനും കഴിയണം. ഇനി കേരളം ഇത്തരമൊരു വാര്‍ത്തയ്ക്ക് സാക്ഷിയാകാതിരിക്കട്ടെ. മികച്ച പോലീസ് സേനയെന്ന കേരള പോലീസിന്റെ സല്‍പേരിന് മങ്ങലുണ്ടാകാതെ നിത്യ ശോഭയോടെ തിളങ്ങാന്‍ സാധിക്കട്ടെ.
Post Your Comments