ന്യൂഡല്‍ഹി•ക്രിസ്ത്യാനികള്‍ ഇംഗ്ലീഷുകാര്‍ ആണെന്നും അതുകൊണ്ട് സ്വാതന്ത്ര്യ സമരത്തില്‍ അവര്‍ യാതൊരു സംഭാവനയും നല്‍കിയിട്ടില്ലെന്ന പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് രാജിസമര്‍പ്പിച്ച മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഗോപാല്‍ ഷെട്ടി രാജിക്കത്ത് പിന്‍വലിച്ചു.
ഞായറാഴ്ച, മുംബൈയില്‍ ഷിയ കബ്രസ്ഥാന്‍ കമ്മറ്റി സംഘടിപ്പിച്ച ഈദ്-ഇ-മിലാദ് കൂട്ടായ്മയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗോപാല്‍ ഷെട്ടി വിവാദ പ്രസ്താവന നടത്തിയത്.
‘ഇന്ത്യ സ്വതന്ത്രമാക്കിയത് ഹിന്ദുക്കളല്ല…. ഇന്ത്യ സ്വതന്ത്രമാക്കിയത് മുസ്ലിങ്ങളുമല്ല… നമ്മള്‍ ഒന്നായി സ്വാതന്ത്ര്യത്തിനായി പോരാടി. ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരാണ്, അതുകൊണ്ട് അവര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തില്ല’- ഇങ്ങനെ ഗോപാല്‍ ഷെട്ടി പറയുന്ന വീഡിയോയാണ് പുറത്ത് വന്നത്.
പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ് ഷെട്ടിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിമര്‍ശനങ്ങള്‍ തള്ളിയ ഷെട്ടി, തന്റെ പ്രസ്താവനയെ തെറ്റായി വ്യഖാനിക്കുകയായിരുന്നുവെന്ന് അവകാശപ്പെട്ടു. അതിനാല്‍ വിഷയത്തില്‍ മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രതിഷേധം ശക്തമായതോടെയാണ് ഗോപാല്‍ ഷെട്ടി രാജിക്ക് ഒരുങ്ങിയത്. പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് ഇദ്ദേഹം രാജിക്കത്ത് നല്‍കിയെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഇതാദ്യമായല്ല ഗോപാല്‍ ഷെട്ടി വിവാദം സൃഷ്ടിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് കര്‍ഷക ആത്മഹത്യകളെ ‘ഫാഷന്‍’ എന്ന്‍ ഷെട്ടി വിശേഷിപ്പിച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
Post Your Comments