കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്. അഭിമന്യു തല്‍ക്ഷണം കൊല്ലപ്പെടാന്‍ ഇടയാക്കിയ ആഴത്തിലുള്ള മുറിവു പ്രഫഷനല്‍ കൊലയാളിയുടെ ചെയ്തിയെന്നു ഫോറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടായ സംഘര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായ ആസൂത്രിത ആക്രമണമാണ് അഭിമന്യുവും സുഹൃത്ത് അര്‍ജുനും നേരെയുണ്ടായതെന്നു സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പരുക്കുകളെന്നും അവര്‍ വ്യക്തമാക്കി.
Also Read : അഭിമന്യു കൊലപാതകം; മുഖ്യപ്രതി ഉള്‍പ്പെടെയുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
അഭിമന്യുവിന്റെ ഇടത് ഭാഗത്തെ നെഞ്ചില്‍ ഏറ്റ കുത്താണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുത്തേറ്റ് ഹൃദയം പിളര്‍ന്ന അവസ്ഥയിലായിരുന്നു. ഏഴ് സെന്റീമീറ്റര്‍ നീളവും നാലു സെന്റീ മീറ്റര്‍ വീതിയുമുള്ള കത്തി ഉപയോഗിച്ചാണ് കുത്തിയിരിക്കുന്നത്. കുത്തേറ്റ് അഞ്ചു മിനിട്ടിനുള്ളില്‍ മരണം സംഭവിച്ചിരുന്നു. ഇത് വ്യക്തമാക്കുന്നതാണ് പോസറ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലയാളി ഉപയോഗിച്ച ആയുധം പുറത്തുനിന്നു കൊണ്ടുവന്നതാണ്.
അഭിമന്യു മരിക്കാന്‍ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണു കൊലയാളി സംഘം ഉപയോഗിച്ചത്. ആന്തരികാവയവങ്ങള്‍ക്കു മാരക മുറിവേല്‍പിച്ചു വലിയ തോതില്‍ രക്തസ്രാവത്തിന് ഇതു വഴിയൊരുക്കും. ഹൃദയത്തിനു നേരിട്ടു മുറിവേല്‍ക്കുന്ന സ്ഥാനത്താണു കൊലയാളി കുത്തിയത്. കൊലയാളിയുടെ ആദ്യ ആക്രമണമല്ല ഇതെന്നാണു കുത്തിന്റെ സ്ഥാനവും കൃത്യതയും സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Also Read : അഭിമന്യുവിന്റെ കൊലപാതകത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നുവരണം; എൽ.ഡി.എഫ്
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പത്തനംതിട്ട മല്ലപ്പള്ളി ഫറൂഖ് (19), കോട്ടയം കറുകച്ചാല്‍ കങ്ങഴ ബിലാല്‍ (19), ഫോര്‍ട്ടുകൊച്ചി സ്വദേശി റിയാസ് (31) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൂട്ടുപ്രതികളായ ഒന്‍പതു പേരെ കണ്ടെത്താന്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇവര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് ഉടന്‍ പുറപ്പെടുവിക്കും.
സംഭവദിവസം ഇവര്‍ 12 പേരുടെ സാന്നിധ്യം മഹാരാജാസ് കോളജ് പരിസരത്തുണ്ടായിരുന്നതായി സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണ്. മഹാരാജാസ് കോളജ് വിദ്യാര്‍ഥികളായ അറസ്റ്റിലായ പ്രതി ഫറൂക്ക്, ഒളിവില്‍പോയ ബിഎ അറബിക്ക് അവസാന വര്‍ഷ വിദ്യാര്‍ഥി എ.ഐ. മുഹമ്മദ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. പുറത്തുനിന്നുള്ള പ്രതികളെ ക്യാംപസിലേക്കു നയിച്ചുകൊണ്ടുവന്നത് മുഹമ്മദാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
Post Your Comments