ബെംഗളൂരു : ചിത്രദുര്‍ഗയിലെ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍ നിന്ന് അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ സൂചന നല്‍കി ഫോറന്‍സിക് വിദഗ്ധര്‍. 2023 ഡിസംബറിലായിരുന്നു ജീര്‍ണ്ണിച്ച വീട്ടില്‍ നിന്നും അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. അമിതമായി ഉറക്കഗുളിക കഴിച്ചതാകാം മരണകാരണമെന്ന് ഫോറന്‍സിക് വിദഗ്ധര്‍ അറിയിച്ചു.
Read Also: സംസ്ഥാനത്ത് വീണ്ടും ആരോഗ്യ മേഖലയില്‍ കൈപ്പിഴ, 5 വയസുകാരന് മരുന്ന് മാറി നല്‍കി: സംഭവം തൃശൂരില്‍
ഉറക്കഗുളികയില്‍ കാണപ്പെടുന്ന നോര്‍ഡാസെപാം, ഓക്സാസെപാം എന്നീ രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന സങ്കീര്‍ണതകളാണ് മരണകാരണമെന്ന് ഫോറന്‍സിക് വിദഗ്ധരില്‍ നിന്ന് ലഭിച്ച അന്തിമ റിപ്പോര്‍ട്ടില്‍ സൂചനയുള്ളതായി പോലീസ് സൂപ്രണ്ട് ധര്‍മേന്ദ്രകുമാര്‍ മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ മരണകാരണം കൃത്യമായി കണ്ടെത്താനായിട്ടില്ല.
ഫോറന്‍സിക് സയന്‍സ് വിദഗ്ധര്‍ 71 സാമ്പിളുകള്‍ വീട്ടില്‍ നിന്ന് വിശകലനത്തിനായി ശേഖരിച്ചതായും അസ്ഥികൂടങ്ങളുടെ ടിഷ്യൂകളില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ വീട്ടിലെ പാത്രങ്ങളില്‍ നിന്ന് സയനൈഡ് അയോണിന്റെ അംശം കണ്ടെത്തി. അസ്ഥികൂടങ്ങളുടെ പരിശോധനയില്‍ സയനൈഡ് അയോണുകള്‍ കണ്ടെത്തിയില്ല. അതിനാല്‍ ഇവര്‍ സയനൈഡ് കഴിച്ചതായി സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപേക്ഷിക്കപ്പെട്ട വീടിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 29 ന് ചിത്രദുര്‍ഗയിലെ ചള്ളക്കരെ റോഡിലെ വീടിനുള്ളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. 2019 മുതല്‍ ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു. വീട്ടില്‍ താമസിച്ചിരുന്ന ജഗന്നാഥ് റെഡ്ഡി, ഭാര്യ പ്രേമലീല, മക്കളായ കൃഷ്ണ റെഡ്ഡി, നരേന്ദ്ര റെഡ്ഡി, ത്രിവേണി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പരിശോധനയില്‍ ഒരു അസ്ഥികൂടത്തിലും അസ്ഥികള്‍ക്ക് ഒടിവുകള്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. 2019 ഫെബ്രുവരി അവസാനവാരത്തിനും മാര്‍ച്ച് ആദ്യവാരത്തിനും ഇടയില്‍ എപ്പോഴെങ്കിലും മരണം സംഭവിച്ചിരിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്. ചിത്രദുര്‍ഗയിലെ ബസവേശ്വര മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ ഡോ.വേണുവും ഡോ.കൃഷ്ണയും ചേര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ആ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഒരു കത്ത് ആരാണ് എഴുതിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. വളരെ സെന്‍സിറ്റീവായ കേസായതിനാലാണ് റിപ്പോര്‍ട്ട് വൈകിയതെന്നും പോലീസ് സൂപ്രണ്ട് ധര്‍മേന്ദ്രകുമാര്‍ മീണ പറഞ്ഞു.
പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച ജഗന്നാഥ് റെഡ്ഡി, ഭാര്യ പ്രേമക്ക, മകള്‍ ത്രിവേണി, മക്കളായ കൃഷ്ണ റെഡ്ഡി, നരേന്ദ്ര റെഡ്ഡി എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് കുടുംബം നയിച്ചിരുന്നതെന്നും കടുത്ത ആരോഗ്യപ്രശ്‌നങ്ങളാല്‍ വലയുകയായിരുന്നെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ജഗന്നാഥ് റെഡ്ഡിയുടെ ഭാര്യ രോഗബാധിതയായതിനാല്‍ രണ്ട് കോടി രൂപ ചെലവഴിച്ച് ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല. ഈ കുടുംബം ആരെയും വീടിന്റെ അകത്തേക്കു പ്രവേശിപ്പിച്ചിരുന്നില്ല. ആരെങ്കിലും ചെന്നാല്‍ വാതില്‍ തുറക്കാതെ ജനലിലൂടെ മാത്രമാണ് സംസാരിക്കാറുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജഗന്നാഥ് റെഡ്ഡിയുടെ ബന്ധുവായ പവന്‍ കുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജഗന്നാഥ് റെഡ്ഡിയുമായി വര്‍ഷങ്ങളായി തനിക്ക് ബന്ധമില്ലെന്നാണ് പരാതിക്കാരന്റെ വാദം.
ഏകദേശം രണ്ട് മാസം മുമ്പ് വീടിന്റെ പ്രധാന തടി വാതില്‍ തകര്‍ന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു, വീടിന്റെ ഗേറ്റിന് സമീപത്ത് നിന്ന് ഒരാളുടെ തലയോട്ടി കണ്ടെത്തിയതോടെയാണ് സംഭവം പോലീസില്‍ അറിയിച്ചത്. തെരുവ് നായ്ക്കള്‍ ഇതിലൂടെ അകത്ത് കടന്ന് തലയോട്ടി വീടിന് പുറത്തേക്ക് കൊണ്ടുവന്നതെന്നാണ് പോലീസ് അന്ന് സംശയിച്ചത്. 2019 ജനുവരിയിലാണ് ജഗന്നാഥ് റെഡ്ഡി അവസാനമായി വൈദ്യുതി ബില്‍ അടച്ചത്. അതിനുശേഷം ഏപ്രിലില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതും അവസാനമായി എല്‍പിജി വിതരണം ചെയ്തതും കുടുംബാംഗങ്ങള്‍ അവസാനമായി ബാങ്ക് അക്കൗണ്ടുകള്‍ ആക്സസ് ചെയ്തതുമായ തീയതികള്‍ അനുസരിച്ച്, അവര്‍ 2019 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ മരിച്ചിട്ടുണ്ടാകുമെന്ന് കണക്കാക്കാം. നാലര മുതല്‍ അഞ്ച് വര്‍ഷം മുമ്പാണ് മരണം സംഭവിച്ചതെന്ന് ഫോറന്‍സിക് മെഡിസിന്‍ വിദഗ്ധരും റിപ്പോര്‍ട്ട് ചെയ്യുന്നു,’ പോലീസ് സൂപ്രണ്ട് പറഞ്ഞു
Post Your Comments