
കുറവിലങ്ങാട്: പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി ഞെട്ടിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരന്തരം ഫോണിലൂടെ ശല്യം ചെയ്യുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്‌തിരുന്നു. പലപ്പോഴും ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. മേയ് അഞ്ചിന് തൃശ്ശൂരിൽ വൈദികപട്ടം കൊടുക്കുന്ന ചടങ്ങിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കാർമികനായിരുന്നു. ഇതിനുശേഷമാണ് കുറവിലങ്ങാട്ടെ മഠത്തിൽ ആദ്യമായി താമസിക്കാൻ വന്നത്. അടുത്തദിവസം കന്യാസ്ത്രീയുടെ കുടുംബത്തിൽ ഒരു ആദ്യകുർബാനയിലും പങ്കെടുത്തു. ഈ ദിവസങ്ങളിൽ, മഠത്തിലെ ഇരുപതാം നമ്പർ മുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു.
ALSO READ: ബിഷപ്പിന്റെ വാദം പൊളിയുന്നു, മഠത്തിൽ താമസിച്ചതിനു തെളിവ്: കന്യാസ്ത്രീക്കെതിരെയും ഒരു വിഭാഗം
പലപ്പോഴായി 13 തവണ പ്രകൃതിവിരുദ്ധപീഡനത്തിനും വിധേയയാക്കിയെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.ഫോണിൽ അശ്ലീലം പറയുന്നത് തുടർന്നപ്പോൾ, കുറവിലങ്ങാട് പള്ളി വികാരിയോട് പരാതിപ്പെട്ടു. അദ്ദേഹം വിവരം പാലാ ബിഷപ്പിനെ അറിയിച്ചു. പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളിമേടയിൽ കന്യാസ്ത്രീയുടെ പരാതി കേട്ടു. ഇതിനുശേഷമാണ് സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ നേരിൽക്കണ്ട് പരാതി പറഞ്ഞത്. ഇക്കാര്യത്തിൽ താൻ നിസ്സഹായനാണെന്ന് അദ്ദേഹം അറിയിച്ചെന്നും മൊഴിയിലുണ്ട്.
ഇവരെക്കൂടാതെ കുറവിലങ്ങാട് മഠത്തിലെ നാലു കന്യാസ്ത്രീകളുടെ മൊഴി കൂടി വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി. പീഡനത്തെക്കുറിച്ച് പറഞ്ഞറിവേ ഉള്ളൂവെന്നാണ് ഇവരുടെ മൊഴി. എന്നാൽ പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളിൽ ഫ്രാങ്കോ മുളയ്ക്കൽ ഇവിടെ എത്തിയിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച രേഖകൾ ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മൊഴിയെടുപ്പ് തുടരുമെന്ന് അന്വേഷണസംഘം അറിയിച്ചു.
Post Your Comments