തൃശൂര്‍•വിവാദ കേസുകളിലൂടെ ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂര്‍ ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഷാജി കൈലാസിന്റെ സംവിധാന സഹായിയും ഫെഫ്ക അംഗവുമായ സലിം ഇന്ത്യയാണ് ‘അവാസ്തവം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നതിന് പുറമേ ആളൂര്‍ ചിത്രത്തില്‍
ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരമാണ് ലക്‌ഷ്യമെന്ന് അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു എങ്ങോട്ടും ചായാതെ ആരുടെയും പക്ഷം പിടിക്കാതെ നടി ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങള്‍ യഥാതഥമായി ചിത്രീകരിക്കും. ഓരോ സംഭവങ്ങളും അതാത് കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ദിലീപ് ജയില്‍ മോചിതനാകുന്നത് വരെയുള്ള സംഭവങ്ങളാണ് ചിത്രീകരിക്കുന്നത്. പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത പ്രതിഭാഗം അഭിഭാഷകനായ അഡ്വ. ആളൂര്‍ ആയിത്തന്നെ ആളൂര്‍ എത്തുന്നു. ഡി.ജി.പി ലോക്നാഥ് ബഹറയായി ദിലീപ്, പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ചേരി ശ്രീധരന്‍ നായരായി നടന്‍ മമ്മൂട്ടി, എ.ഡി.ജി.പി ബി.സന്ധ്യയായി വരലക്ഷ്മിയും വേഷമിടും. ആക്രമിക്കപ്പെട്ട നടിയായി വിദ്യാബാലനോ അനുഷ്ക ഷെട്ടിയോ എത്തും. സലിം കുമാര്‍, ശോഭാ പണിക്കര്‍, ഇന്ദ്രന്‍സ്, കെ.പി.എ.സി ലളിത, മാമുക്കോയ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.
10 കോടി ചെലവില്‍ അണിയിച്ചൊരുക്കുന്ന അവാസ്തവം എന്ന ചിത്രം അഡ്വ.ബി.എ ആളൂരിന്റെ മേല്‍നോട്ടത്തിലുള്ള ഐഡിയല്‍ ക്രീയേഷന്‍സ് നിര്‍മ്മിക്കുന്നു. കൊച്ചി കേന്ദ്രീകരിച്ച് രൂപപ്പെട്ട ഐഡിയല്‍ ക്രീയേഷന്‍സ് 100 കോടി മുതല്‍മുടക്കിയാണ് ചലച്ചിത്ര മേഖലയിലേക്ക് കാലൂന്നുന്നത്. അവസ്തവം എന്ന സിനിമയുടെ നിര്‍മാണ പങ്കാളിത്തമായി നടന്‍ ദിലീപ് 5 കോടി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ദിലീപിന്റെ പങ്കാളിത്ത വാഗ്ദാനം വിവാദമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അഞ്ചുകോടി സ്വീകരിക്കുന്നില്ലെന്ന് ഐഡിയല്‍ ക്രീയേഷന്‍സ് തീരുമാനിച്ചതായി ആളൂര്‍ പറഞ്ഞു. അവാസ്തവം സിനിമയുടെ നിര്‍മ്മാണ ചെലവിനായി ആവശ്യം വരുന്ന 10 കോടി രൂപ ഐഡിയല്‍ ക്രീയേഷന്‍സ് തന്നെ മുടക്കുമെന്നും ആളൂര്‍ പറഞ്ഞു.
അഡ്വ. ബി.എ ആളൂര്‍, സലിം ഇന്ത്യ, ശോഭാ പണിക്കര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments