കൊച്ചി: ഉറ്റ സുഹൃത്തുക്കളായിരുന്നു അഭിമന്യുവും അര്‍ജുനും. ക്യാംപസില്‍ അവരെ ഒന്നിച്ചല്ലാതെ കാണുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വം. അതുകൊണ്ടാവണം, കോളേജിലെ സംഘര്‍ഷത്തില്‍ അക്രമികളുടെ കുത്തേറ്റു വീഴുമ്പോഴും അവര്‍ ഒന്നിച്ചായിരുന്നു. രണ്ടു ദിവസത്തെ അബോധാവസ്ഥയില്‍ നിന്ന് ഇന്നു രാവിലെ കണ്ണു തുറന്ന അര്ജുന് അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ടു.
അമ്മ എത്തിയപ്പോള്‍ അവന് ചോദിച്ചു -‘എന്റെ അഭിമന്യുവിന് എങ്ങനെയുണ്ട്?’ അവന്റെ ചോദ്യത്തിന് ആ അമ്മയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. ഒടുവില്‍ അഭിമന്യുവും അപ്പുറത്ത് ഐസിയുവിലുണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. അതോടെ അവന് കുറച്ച് സമാധാനത്തിലായി. അടിവയറ്റില്‍ കുത്തേറ്റ് കരളിലെ ശസ്ത്രക്രിയക്ക് ശേഷം അര്‍ജുന്റെ നില ഗുരുതരമായി തുടരുകയാണ്. അതുകൊണ്ട് തന്നെ അവനെ വിഷമിപ്പിക്കുന്ന വാർത്ത പറയാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. മറ്റൊന്നുകൂടി അവന് അമ്മയോട് ആവശ്യപ്പെട്ടു.
തന്നെ ഈ കോളേജില്‍ നിന്ന് മാറ്റരുതെന്ന്. ഏറെ ആഗ്രഹിച്ചും നിര്‍ബന്ധിച്ചുമാണ് അര്ജുന് മഹാരാജാസ് കോളേജില്‍ തന്നെ അഡ്മിഷന് നേടിയത്. ഇനി അർജുനെഇവിടെ നിന്നും മാറ്റില്ല എന്ന തീരുമാനത്തിലാണ് ആ ‘അമ്മ. അര്‍ജുന്റെ ആരോഗ്യനില വേഗത്തില്‍ മെച്ചപ്പെടുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. തന്റെ മകനെ ദൈവം തിരിച്ചു തന്നല്ലോ എന്ന ആശ്വാസത്തിലാണിപ്പോള്‍ ഇവര്‍.
Post Your Comments