ആലപ്പുഴ: വള്ളിക്കുന്നത്ത് കഴിഞ്ഞദിവസം അക്രമികളുടെ കുത്തേറ്റ് മരിച്ച പത്താംക്ളാസ് വിദ്യാര്‍ത്ഥി അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് അച്ഛന്‍ അമ്പിളികുമാര്‍ വ്യക്തമാക്കി. മകന്‍ ഒരുപ്രശ്നത്തിനും പോകുന്നവനല്ലെന്നും സഹോദരന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമന്യുവിന്റെ സഹോദനും മറ്റു ചിലരുമായി കഴിഞ്ഞ ദിവസങ്ങളില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു.
ആ തര്‍ക്കം ഇന്നലെ ക്ഷേത്രപരിസരത്തു വെച്ച് വാക്കേറ്റത്തിലും കയ്യാങ്കളിയിലേക്കും നീങ്ങിയെന്നും, ഇതിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു എന്നുമാണ് പൊലീസും സൂചിപ്പിക്കുന്നത്. ആഴത്തില്‍ കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നില്ല. എന്നാല്‍ അഭിമന്യുവിന്റേത് കമ്യൂണിസ്റ്റ് കുടുംബമാണെന്നും അഭിമന്യു എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകനാണെന്നുമാണ് സി പി എം നേതാക്കൾ പറയുന്നത്.
രാവിലെ തന്നെ വി ശിവൻകുട്ടി ആർഎസ്എസുകാർ 15 വയസുള്ള അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തി എന്നാണ് പോസ്റ്റ് ഇട്ടത്. ഇതിന്റെ തുടർച്ചയായി നിരവധി സിപിഎം അനുഭാവികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുമായി എത്തി.
എന്നാൽ മൻസൂർ വധത്തിന്റെയും പ്രതിയുടെ മരണത്തിന്റെയും വിവാദങ്ങളിൽ നിന്ന് രക്ഷപെടാൻ സിപിഎം കെട്ടി ചമച്ച കഥകളുമായി ഇറങ്ങിയിരിക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം വള്ളികുന്നത്ത് ഹര്‍ത്താല്‍ ആചരിക്കകുയാണ്.
അതിനിടെ അഭിമന്യു കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവും സുഹൃത്തുക്കളുമായി തര്‍ക്കത്തിലേര്‍പ്പെട്ട നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ട സജയ് ദത്ത് എന്നയാളാണ് അഭിമന്യുവിനെ കുത്തിയത് എന്നാണ് പോലീസിന്റെ നിഗമനം . സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വള്ളികുന്നം പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് അഭിമന്യുവും അക്രമം നടത്തിയ സംഘവും തമ്മില്‍ ക്ഷേത്രോത്സവത്തിനിടെ തര്‍ക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നു.
Post Your Comments