FootballSports

കിരീടത്തില്‍ കുറഞ്ഞൊന്നും പോര; സ്‌പെയിന്‍-റഷ്യ , ക്രൊയേഷ്യ-ഡന്‍മാര്‍ക്ക് പോരാട്ടം ഇന്ന്

സ്‌പെയിന്‍ vs റഷ്യ

ഇന്നത്തെ കളി മോസ്‌കോയിലെ ലുഷ്‌നിക്കിയിലാണ്. ലോകകപ്പ് ഫൈനല്‍ നടക്കേണ്ട സ്ഥലം. റഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്റ്റേഡിയം. 81000 പേര്‍ക്ക് ആതിഥ്യമരുളാന്‍ പോന്ന ജൈജാന്റിക് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന അതിമനോഹരവും അത്ഭുതപ്പെടുത്തുന്നതുമായ സൌകര്യങ്ങള്‍ !

ഇവിടെയാണ് മൂന്നാമത്തെ പ്രീ ക്വാര്‍ട്ടര്‍ മത്സരം നടക്കാന്‍ പോകുന്നത്. ആതിഥേയരായ റഷ്യയും സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടുന്നു. അമിതാവേശത്തിലാണ് റഷ്യന്‍ ജനത. സമീപകാലത്തൊന്നും അവര്‍ ഇത്ര ആവേശത്തിലായിട്ടില്ല. ലോകകപ്പ് സ്വന്തം നാട്ടില്‍ നടക്കുന്നു എന്നതിലുപരി തങ്ങളുടെ ടീം ലോകകപ്പിന്റെ നോക്കൌട്ടില്‍ കടന്നു എന്നതുകൂടി ആ ആവേശത്തിന് മാറ്റ് കൂട്ടുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ സൌദിയെയും സാക്ഷാല്‍ മുഹമ്മദ് സലായുടെ ഈജിപ്റ്റിനെയും തകര്‍ത്തു വിട്ട അവര്‍ ഇതിനകം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ഉരുഗ്വായോട് മാത്രമാണ് തോറ്റത്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി റഷ്യയും രണ്ടാം റൌണ്ടില്‍ കടന്നു. സാങ്കേതികമായി പറഞ്ഞാല്‍ അവര്‍ തോല്‍പ്പിച്ച ടീമുകളേക്കാള്‍ ദുര്‍ബലരാണ് ടീം റഷ്യ. പക്ഷെ സ്വന്തം നാട്ടില്‍ ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ ജയിക്കാതിരിക്കുന്നത് എങ്ങനെയാണ് ? അതുകൊണ്ട് തന്നെ ഗ്രൂപ്പില്‍ അവരുടെ ഏറ്റവും ബെസ്റ്റ് തന്നെ പുറത്തു വന്നു. ഇനി നേരിടാനുള്ളത് കരുത്തരായ സ്‌പെയിനെ. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ റഷ്യയുടെ പടയോട്ടം ഇന്ന് അവസാനിക്കും. കാരണം സ്‌പെയിനിന്റെ മുന്നില്‍ ഒന്നുമല്ല റഷ്യ.

ഡെനിസ് ചെരിഷേവ് എന്ന മിഡ്ഫീല്‍ഡറിലാണ് റഷ്യയുടെ പ്രതീക്ഷ മുഴുവന്‍. ഇതിനകം മൂന്നു ഗോളുകള്‍ നേടിക്കഴിഞ്ഞു ഡെനിസ്. ആര്‍ടെം ഡിസ്യൂബ എന്ന റഷ്യന്‍ സ്‌ട്രൈക്കര്‍ക്ക് ഡെനിസ് ഏറ്റവും മികച്ച പിന്തുണ നല്‍കുന്നു. ഈ ഒരു കോമ്പിനേഷന്റെ മികവിന് അനുസരിച്ചായിരിക്കും സ്‌പെയിനിന്റെ മുന്നില്‍ റഷ്യ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുക. റഷ്യന്‍ ഡിഫന്‍സിനും മിഡ്ഫീല്‍ഡിനും സ്‌പെയിന്‍ ഉണ്ടാക്കാന്‍ പോകുന്ന അലോസരം ഒട്ടും ചെറുതാകില്ല. സ്വന്തം കാണികളുടെ ആരവം കൂടിയാകുമ്പോള്‍ സ്‌പെയിനെ പിടിച്ചു കെട്ടാന്‍ കഴിയും എന്നാണു റഷ്യന്‍ കോച്ച് സ്റ്റാനിസ്ലാവ് ചെര്‌ചെസേവ് സ്വപ്നം കാണുന്നുണ്ടാവുക. 4-2-3-1 എന്ന ശൈലിയില്‍ തന്നെയാകും ഫോര്‍മേഷന്‍ എന്നാണ് അവസാന വിവരം. അങ്ങനെയാണെങ്കില്‍ ഡിസ്യൂബ എന്ന ഒറ്റ സ്‌ട്രൈക്കറെ മുന്‍നിര്‍ത്തി ചെരിഷേവ് , ഗോലോവിന്‍, സമെഡോവ് എന്നിവരെ ആക്രമണം ഏല്‍പ്പിക്കാന്‍ കോച്ച് സന്നദ്ധനാകും

സാധ്യത ഇലവന്‍ : ഇഗോര്‍ അകിന്‍ഫീവ് ( ഗോളി ) , യൂരി ഷിര്‌കൊവ് , ഇയ്യ കുട്‌പോവ്, ഇഗ്‌നാഷേവിച് , മാനുവല്‍ ഫെര്‌നാണ്ടസ്, ഗാസിന്‍സ്‌കി , സോബ്‌നിന്‍ , സമെഡോവ് , ചെരിഷേവ് , ഗോലോവിന്‍ , ഡിസ്യൂബ.

സ്‌പെയിന് ഈ ലോകകപ്പില്‍ കടന്നുവന്ന നാള്‍വഴികള്‍ ഓര്‍ത്താല്‍ തീര്‍ച്ചയായും ആശങ്കപ്പെടാന്‍ വഴിയുണ്ട്. വിജയവഴിയിലൂടെ കുതിച്ചു വന്ന സ്‌പെയിന് ആദ്യ പൂട്ട് വീണത് ഏവരുടെയും ധൈര്യമായിരുന്ന കോച്ചിന്റെ പുറത്താകലിലൂടെയാണ്. പുതിയ കോച്ചിന് മണിക്കൂറുകള്‍ കൊണ്ട് ടീമിനെ ചേര്‍ത്ത് പിടിക്കേണ്ടി വന്നു. എന്നിരുന്നാലും പോര്ച്ചുഗലുമായുള്ള മത്സരത്തില്‍ അവര്‍ പിടിച്ചു നിന്നു. റൊണാള്‍ഡോയുടെ ഒറ്റയാള്‍ പ്രകടനം ഇല്ലായിരുന്നെങ്കില്‍ ആദ്യമത്സരം തന്നെ സ്‌പെയിന്‍ ജയിച്ചു കയറിയേനെ. എങ്കിലും ടീം ഒത്തിണക്കത്തില്‍ അല്ല, ഇറാനുമായുള്ള മത്സരം കഷ്ടിച്ച് ജയിച്ചു. മോരോക്കൊയുമായി 2-2 സമനില ആയി.

താരക്കൂട്ടമാണ് സ്‌പെയിന്‍. റയല്‍ മാഡ്രിഡ് , ബാര്‍സലോണ ടീമുകള്‍ ഒന്നിച്ചാല്‍ ഏറെക്കുറെ സ്‌പെയിന്‍ ടീമായി. ഏവര്‍ക്കും സുപരിചിതമായ പേരുകള്‍. ഇസ്‌കോയും ഡീഗോ കോസ്റ്റയും ഡേവിഡ് സില്‍വയും ചേര്‍ന്ന ഫോര്‍വേഡ് ആക്രമണം ആരെയും തകര്‍ക്കും. പകരക്കാരനായി അസെന്‍സിയോ കൂടി വന്നാല്‍ രണ്ടാം പകുതി ഉണരും. പിക്വെയും റാമോസും ചേര്‍ന്ന ഡിഫന്‍സ് ഗോളി ഡേവിഡ് ഡിഗിയക്ക് മുന്നില്‍ കോട്ട കെട്ടും. മിഡ്ഫീല്‍ഡ് ജനറല്‍ എന്നറിയപ്പെടുന്ന ഇനിയെസ്റ്റ കൂടി മിന്നിയാല്‍ റഷ്യ തകര്‍ന്നു പോകും. അന്യമായി നില്‍ക്കുന്ന ഒത്തിണക്കം കൈവന്നാല്‍ ഭയക്കണം സ്‌പെയിനെ.

സാധ്യത ഇലവന്‍ : ഡേവിഡ് ഡിഗിയ ( ഗോളി ) , റാമോസ്, ആല്‍ബ , കര്‍വജാല്‍ , പിക്വെ , തിയാഗോ, ബുസ്‌കെട്ട്‌സ് , ഇനിയെസ്റ്റ , ഇസ്‌കോ , കോസ്റ്റ , സില്‍വ

ക്രോയേഷ്യ vs ഡെന്മാര്‍ക്ക്

നിഷ്‌നി നോവ്‌ഗോരോദില്‍ ഇന്ന് മറ്റൊരുദയം സ്വപ്നം കാണുന്നുണ്ട് ക്രോയേഷ്യന്‍ ജനത. വോള്‍ഗ നദിയും ഒക്കാ നദിയും സംഗമിക്കുന്ന നിഷ്‌നിയുടെ മൈതാനത്ത് ഇന്ന് ജയിച്ചാല്‍ ക്രോയെഷ്യക്ക് ഒരിക്കാല്‍ കൂടി അവസാന എട്ടില്‍ കയറാം. 1998ല്‍ ഡേവ് സുക്കരിന്റെ ഗോള്‍ഡന്‍ ബൂട്ടിന്റെ മികവില്‍ മൂന്നാംസ്ഥാനത്ത് എത്തി അത്ഭുതം കാണിച്ച ക്രോയെഷ്യക്ക് പിന്നീടങ്ങോട്ട് വലിയ പ്രകടനങ്ങളുടെ പിന്‍ബലമില്ല.

ക്രൊയേഷ്യയുടെ ഇത്തവണത്തെ വരവ് സകല ടീമുകള്‍ക്കും ചങ്കിടിപ്പ് സമ്മാനിച്ചുകൊണ്ടാണ്. ഡി ഗ്രൂപ്പില്‍ എല്ലാ മത്സരങ്ങളിലും ആധികാരിക വിജയം. ഇതിനകം പുറത്തായ അര്‍ജന്റീന ടീമിന് ആദ്യ ഷോക്ക് കൊടുത്തതും അര്‍ജന്റീനയുടെ ദൌര്‍ബല്യങ്ങള്‍ എന്തൊക്കെയാണെന്ന് മറ്റുള്ളവര്‍ക്ക് മുമ്പില്‍ തുറന്നു കാണിച്ചതും ക്രോയേഷ്യ ആണ്. നൈജീരിയക്കെതിരെ 2-0 നും ഐസ്ലാണ്ടിനെതിരെ 2-1 നും വിജയിക്കാനായി.

ഒരു സ്പാനിഷ് ടച്ചും പിന്തുണയുമുണ്ട് ക്രോയെഷ്യക്ക്. കാരണം അവരുടെ വജ്രായുധങ്ങള്‍ പ്രധാനമായും രണ്ടു പേരാണ്. ലൂക്കാ മോദ്രിച്ചും ഇവാന്‍ റാകിട്ടിച്ചും. മോദ്രിച് റയലിന്റെ സൂപ്പര്‍ താരമാണെങ്കില്‍ റാകിട്ടിച് ബാര്‍സലോണയുടെ മിന്നും താരമാണ്. സ്പാനിഷ് ലീഗിന്റെ ആരാധകരായ ആര്‍ക്കും ഇവരെ മറക്കാന്‍ കഴിയില്ല. കേരളത്തില്‍ പോലും ഒട്ടേറെ ആരാധകരുള്ള രണ്ടു പേരാണ് ഇവര്‍. ലൂക്കാച്ചന്‍ എന്നാണ് മലയാളി ആരാധകര്‍ മോദ്രിചിനെ വിളിക്കുന്നത്. മറ്റൊരു കീ പ്ലെയര്‍ ഇവാന്‍ പെരിസിച് എന്ന വിങ്ങര്‍ ആണ്. ഡെന്മാര്‍ക്കിനെ നേരിടുമ്പോള്‍ കോച്ച് സ്ലാട്‌കോ ഡാലിച് ആശ്രയിക്കുന്നതും ഇവരെ തന്നെ. ഇവര്‍ മൂന്നുപേരും ഫോമിലായാല്‍ ടീമിലെ ഒരേയൊരു ഫോര്‍വേഡ് ആയ മരിയോ മാന്‌സുകിചിന് നിരന്തരം പന്തുകള്‍ എത്തിക്കൊണ്ടിരിക്കും. 4-2-3-1 ഫോര്‍മേഷന്‍ തുടരാനാണ് സാധ്യത.

സാധ്യത ഇലവന്‍ : ഡാനിയല്‍ സുബസിക് ( ഗോളി ), ലോവ്രന്‍ , വിദ , സ്ട്രിനിച് , സിമേ , മോദ്രിച് , മിലെന്‍ , റെബിച് , റാകിട്ടിച്, പെരിസിച്, മാന്‌സുകിച്

സി ഗ്രൂപ്പില്‍ ഫ്രാന്‍സിനു താഴെ രണ്ടാമതായാണ് ഡെന്മാര്‍ക്ക് എത്തുന്നത്. ഒരൊറ്റ വിജയവും രണ്ടു സമനിലയും മാത്രമാണ് ഡെന്മാര്‍ക്കിന്റെ സമ്പാദ്യം. പ്രധാനമായും മൂന്നു കളിക്കാരെ മാത്രം ആശ്രയിച്ചാണ് അവരുടെ മുന്നേറ്റം മുഴുവന്‍. മറ്റുള്ള കളിക്കാരൊന്നും തന്നെ മികവില്‍ എത്തിയിട്ടില്ല. ക്രോയെഷ്യയെ നേരിടാന്‍ ഈ സന്നാഹം പോരാ കോച്ച് ആഗെ ഹെരൈഡിന്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഈ ലോകകപ്പിലെ അവസാന മത്സരമാകും ഡെന്മാര്‍ക്കിന്.

അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ആയ ക്രിസ്റ്റ്യന്‍ എറിക്‌സന്‍ ആണ് ഡെന്മാര്‍ക്കിന്റെ വേഗവും ശക്തിയും എല്ലാം. സിമോണ്‍ കെയര്‍ എന്ന സെവിയ്യയുടെ ക്യാപ്റ്റന്‍ നല്‍കുന്ന മികച്ച ഡിഫന്‍സ് ക്രോയേഷ്യന്‍ കളിക്കാരെ പിടിച്ചു കെട്ടാന്‍ പോന്നതാണ്. ആദ്യ മത്സരത്തിന്റെ വിജയഗോള്‍ നേടിയ യൂസഫ് പോല്‍സന്‍ ആണ് മറ്റൊരു കീ പ്ലെയര്‍. ക്രോയെഷ്യയെ മറികടക്കാന്‍ ഇപ്പോഴുള്ള പ്രകടനം പോരാ ഡെന്മാര്‍ക്കിന്. ഫോര്‍മേഷന്‍ 4-2-3-1 ആകാന്‍ തന്നെയാണ് സാധ്യത.

സാധ്യത ഇലവന്‍: കാസ്പര്‍ ഷ്മീച്ചല്‍ , ഹെണ്ട്രിക് , സിമോണ്‍ , ലാര്‍സന്‍ , ക്രിസ്ട്ട്യന്‌സന്‍, ഷോണ്‍ , ഡിലനെ , പോല്‍സന്‍ , എറിക്‌സന്‍ , സിസ്റ്റോ , ജോര്‍ഗന്‌സന്‍

സുജിത്ത് ചാഴൂര്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button