കൊച്ചി: നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വിശദീകരണവുമായി രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നേരത്തെ പ്രതികരിച്ചിരുന്നില്ല. പ്രശ്‌നം പരിഹരിക്കാനുളള നീക്കമാണ് നടക്കുന്നതെന്നാണ് മോഹന്‍ലാലിന്റെ വിശദീകരണത്തില്‍ നിന്നും ലഭിക്കുന്നത്.
അമ്മയ്‌ക്കെതിരായി ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം സംഘടനയില്‍ എല്ലാവരും ചേര്‍ന്ന് എടുത്തതാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഇപ്പോള്‍ ലണ്ടനിലാണ്. അവിടെ നിന്നും അയച്ച വാര്‍ത്താകുറിപ്പിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വിശദീകരിച്ചത്.
അമ്മയ്ക്ക് നിക്ഷിപ്തമായ താല്‍പര്യങ്ങളില്ല. ആരോപണങ്ങള്‍ വിശദമായി തന്നെ പരിശോധിക്കും. സംഘടനയിലെ എല്ലാവരും ഒറ്റക്കെട്ടായി നിന്നാണ് ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും നാലു നടിമാര്‍ നേരത്തെ രാജി വെച്ചിരുന്നു. മോഹന്‍ലാല്‍ അപ്പോഴും പ്രതികരിച്ചിരുന്നില്ല. വനിതാ സംഘടനയായ വിമന്‍ ഇന്‍ കലക്ടീവിനും നടിമാര്‍ക്കുമായി ഒട്ടേറെ പേര്‍ പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയത്.
താരങ്ങളായ പൃഥ്വിരാജും പി.ബാലചന്ദ്രനും നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് അമ്മയുടെ നേതൃസ്ഥാനത്ത് മോഹന്‍ലാല്‍ എത്തിയതിനെതിരെ നടിമാരായ പാര്‍വതിയും പത്മപ്രിയയും തുറന്നടിച്ചത്. അമ്മയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ചിരുന്നതായും നടിമാര്‍ വെളിപ്പെടുത്തിയിരുന്നു.
Post Your Comments