കൊച്ചി: വിഷമീനുകളെ തിരിച്ചറിയാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സഹായിച്ചത് കൂട്ടുകാരികളായ രണ്ട് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തമാണ്. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരായ ലാലിയും പ്രിയയും ചേര്‍ന്നാണ്, മീനുകളില്‍ ഫോര്‍മലിന്‍ ചേര്‍ത്താല്‍ തിരിച്ചറിയാന്‍ കഴിയുന്ന വിദ്യ വികസിപ്പിച്ചെടുത്തത്. കേരളത്തിലേക്കു വരുന്ന മീനുകളില്‍ വന്‍തോതില്‍ ഫോര്‍മലിനും അമോണിയയും കലര്‍ത്തുന്നതായി പരാതികള്‍ വ്യാപകമായപ്പോഴാണ് ഇത് കണ്ടെത്താനുള്ള പ്രോജക്ട് വേണമെന്ന് സിഫ്റ്റ് തീരുമാനിച്ചത്.
പനങ്ങാട് ഫിഷറീസ് കോളേജിലെ വിദ്യാര്‍ഥികളായിരുന്ന ഇരുവരും അക്കാലത്ത് തന്നെ സുഹൃത്തുക്കളാണ്. ആറു വര്‍ഷം മുമ്പാണ് ലാലി സിഫ്റ്റില്‍ ചേര്‍ന്നത്. മൂന്നു വര്‍ഷം മുമ്പ് പ്രിയയും ഇവിടെയെത്തി. മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് നേരത്തെ തന്നെ പല സംവിധാനങ്ങളുണ്ടെങ്കിലും പരിശോധനകള്‍ക്ക് ആഴ്ചകള്‍ തന്നെ വേണ്ടിവരുമെന്നതാണ് പ്രശ്നം. ഈ ചിന്തയാണ് സ്ട്രിപ്പിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ഒന്നോ, രണ്ടോ നിമിഷങ്ങള്‍ക്കുള്ളില്‍ മീനില്‍ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ പുതിയ സംവിധാനത്തിനു കഴിയും. ചെലവ് തീരെ കുറവും. ഒരു വര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പരീക്ഷണം വിജയം കണ്ടത്.
ഇവർ കണ്ടെത്തിയ സ്ട്രിപ്പുകള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ മീനിലെ മായം കണ്ടെത്താനായി ഉപയോഗിച്ചു. അടുത്തിടെ ഇവർ നടത്തിയ പരിശോധനകളിലെല്ലാം ഈ സ്ട്രിപ്പുകളാണ് ഉപയോഗിച്ചത്. സ്ട്രിപ്പുകൾ വിപണിയിൽ ഇറക്കാൻ മുംബൈയിലുള്ള സ്ഥാപനവുമായി കരാറുണ്ടാക്കാന്‍ സിഫ്റ്റിന് കഴിഞ്ഞു. രണ്ടാഴ്ചയ്ക്കകം മീനില്‍ വിഷസാന്നിധ്യം കണ്ടെത്താനുള്ള സ്ട്രിപ്പുകള്‍ പുറത്തിറങ്ങുമെന്നാണ് വിവരം.
Post Your Comments