ന്യൂഡല്‍ഹി : സ്ഥാപനങ്ങളിലെ മേലുദ്യോഗസ്ഥന്‍മാര്‍ക്ക് ആശ്വാസമായി സുപ്രീംകോടതിയുടെ സുപ്രധാന വിധി. ജോലിഭാരത്തിന്റെ സമ്മര്‍ദത്താല്‍ ജീവനക്കാരന്‍ ജീവനൊടുക്കിയാല്‍ മേലുദ്യോഗസ്ഥന്‍ ഉത്തരവാദിയല്ലെന്ന് സുപ്രധാന വിധിയുമായി സുപ്രീംകോടതി. ജീവനക്കാരനോടു ജോലി ചെയ്യാന്‍ നിര്‍ദേശിക്കുന്നതു മേലുദ്യോഗസ്ഥന്റെ ക്രിമിനല്‍ മനസ്സാണെന്നു പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ബോംബെ ഹൈക്കോടതിയിലെ ഔറംഗബാദ് ബെഞ്ചിന്റെ നിരീക്ഷണം തള്ളിയാണു സുപ്രീംകോടതിയുടെ ഉത്തരവ്. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ വകുപ്പില്‍ ജോലിയെടുത്തിരുന്ന കിഷോര്‍ പരാശര്‍ എന്നയാള്‍ 2017 ഓഗസ്റ്റില്‍ ആത്മഹത്യ ചെയ്തിരുന്നു. മേലുദ്യോഗസ്ഥന്‍ അവധി ദിവസങ്ങളിലുള്‍പ്പെടെ കഠിനമായി ജോലി ചെയ്യിപ്പിച്ചതിന്റെ മനോവിഷമത്താലാണു കിഷോര്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ഭാര്യ പരാതി നല്‍കി.
തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു മേലുദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചു. ഹര്‍ജി തള്ളിയ ഹൈക്കോടതി, മരണത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും അതിനു സാഹചര്യമൊരുക്കിയത് അന്വേഷിക്കേണ്ടതാണെന്നു നിലപാടെടുത്തു. ഈ നടപടിയാണു സുപ്രീംകോടതി തിരുത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ അരുണ്‍കുമാര്‍ മിശ്ര, യു.യു.ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്.
Post Your Comments