മങ്കട: ഫേസ്‌ബുക്ക് ഫ്രണ്ടായ വിദേശ വനിത അയച്ച സമ്മാനം കൈപ്പറ്റാന്‍ ശ്രമിച്ച മലപ്പുറത്തുകാരന് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ. ഹൃദയത്തിൽ നിന്നുമാണ് സമ്മാനമയക്കുന്നതെന്നും അത് സ്വീകരിച്ചോളൂവെന്നും വിദേശിയായ വനിതാ സുഹൃത്ത് പറഞ്ഞപ്പോൾ മലപ്പുറത്തുള്ള യുവാവ് മറ്റൊന്നും ചിന്തിച്ചില്ല. മലപ്പുറം മക്കരപറമ്പ് സ്വദേശിയായ യുവാവ് ഫെയ്സ്ബുക്ക് വഴിയാണ് വിദേശവനിതയെ പരിചയപ്പെട്ടത്. പിന്നീട് വാട്സാപ് ചാറ്റിങ് തുടങ്ങിയ യുവതി യുവാവിന്റെ വിലാസം ആവശ്യപ്പെട്ടു.
ആദ്യം മടിച്ചെങ്കിലും സമ്മാനമയച്ചു തരാനാണെന്നു പറഞ്ഞതോടെ യുവാവ് വിലാസം നൽകി. പിറ്റേദിവസം തന്നെ സമ്മാനം അയച്ചതായുള്ള യുവതിയുടെ സന്ദേശം എത്തി. കൂടെ അയച്ച സമ്മാനത്തിന്റെ ട്രാക്ക് ഐഡിയും ഉണ്ടായിരുന്നു. അമേരിക്കയില്‍ നിന്നു പാരീസ് വഴി ഡല്‍ഹി എയര്‍പോര്‍ട്ട് എന്നാണ് ഇതില്‍ കാണിച്ചിരുന്നത്. തൊട്ടടുത്ത ദിവസം ഡില്‍ഹി കസ്റ്റംസില്‍നിന്നാണെന്നു പറഞ്ഞു വിളിയെത്തി. വിലകൂടിയ സാധനങ്ങളായതിനാൽ കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 24,000 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.
അതുപ്രകാരം കസ്റ്റംസിന്റേതാണെന്ന് പറയുന്ന മിസോറമിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 17ന് പണം കൈമാറി. 18ന് രാവിലെ വീണ്ടും വിളിയെത്തി. പെട്ടിക്കകത്ത് ഡോളറുകള്‍ ഉണ്ടെന്നും നിയമ ലംഘനം നടത്തിയതിന് നിയമനടപടി സ്വീകരിക്കുകയാണെന്നും അറിയിച്ചു. സാധനം തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ട യുവാവിനോട് തിരിച്ചയച്ചാൽ കേസ് വിദേശത്തായിരിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് സഹോദരിയുടെ സ്വർണം പണയം വച്ചും മറ്റും 70, 000 രൂപ സമാഹരിച്ച് യുവാവ് ഇതേ അക്കൗണ്ടിലേക്കിട്ടു.
അമേരിക്കൻ എംബസിയുടെ എൻഒസി ഇല്ലാത്തതിനാൽ വീണ്ടും 1,35,000 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ യുവാവ് മങ്കട സ്‌റ്റേഷനിലെത്തി കേസ് കൊടുക്കുകയായിരുന്നു. ഫേസ്‌ബുക്കിൽ സൗഹൃദം സ്ഥാപിച്ച് ഇതുപോലെ പല തട്ടിപ്പുകളും നടക്കുന്നതായി മുൻപും വാർത്തകൾ ഉണ്ടായിട്ടുണ്ട്.
Post Your Comments