മുംബൈ: ബോളിവുഡ് താരം അനുഷ്ക ശർമയ്ക്കും ഭർത്താവ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും എതിരെ വക്കീൽ നോട്ടിസ്. റോഡിലേക്കു മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്നതിന്റെ വിഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ ആണ് വക്കീൽ നോട്ടീസ്. മുംബൈ സ്വദേശി അർഹാൻ സിങ്ങാണ് അനുഷ്കയ്ക്കും വിരാടിനും വക്കീൽ നോട്ടിസയച്ചത്.
തന്നെ സമൂഹമാധ്യമത്തിൽ അപമാനിച്ചതിന്റെ പേരിലാണ് അർഹൻ സിംഗ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ലക്ഷ്വറി കാറിലെത്തി റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ തടഞ്ഞ് അനുഷ്ക ശകാരിക്കുന്ന വീഡിയോ വിരാട് ഷെയർ ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും വിരാട് പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതിനോടകം 90 ലക്ഷത്തോളം പേരാണു കണ്ടത്.
അറിയാതെ തന്റെ വാഹനത്തിൽ നിന്നു താഴെ വീണ പ്ലാസ്റ്റിക് സഞ്ചിയിൽ ഉണ്ടായിരുന്നതിനേക്കാൾ അധികം മാലിന്യമാണ് അനുഷ്കയുടെ വായിൽ നിന്ന് വീണതെന്നാണ് അർഹാൻ സിംഗ് പറയുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ഉൾപ്പെടെ വിരാടിനും അനുഷ്കയ്ക്കുമെതിരെ പ്രതികരിച്ചിരുന്നു. അതേസമയം ബോളിവുഡ് ഒന്നടങ്കം അനുഷ്‌കയെ പിന്തുണച്ചിരുന്നു.
17 സെക്കൻഡ് മാത്രമുള്ള വിഡിയോയിൽ പ്ലാസ്റ്റിക് അശ്രദ്ധമായി വലിച്ചെറിയരുതെന്നും വേസ്റ്റ് ബിൻ ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ പ്രചാരണത്തിന്റെയും ഭാഗമാണ് അനുഷ്ക.
Post Your Comments