കേരള പൊലീസിലെ ദാസ്യപ്പണി വിവാദത്തിൽ നിറയുകയാണ്. പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ പൊലീസിലെ ഒരു സംഘം വലിയ ഗൂഡാലോചന നടത്തുന്നതായി ആരോപണം. ഗവാസ്കറിനെ കുടുക്കാൻ പീഡന ആരോപണവുമായി സഹ പ്രവർത്തകയായ ഒരു പോലീസുകാരിയെ രംഗത്തിറക്കാൻ ശ്രമം നടന്നതായി അന്വേഷണസംഘത്തിനു സൂചന ലഭിച്ചു.
കരാട്ടെയില്‍ അതിവിദഗ്ധയായ എഡിജിപിയുടെ മകളുടെ ഇടിയേറ്റ ഡ്രൈവര്‍ ഗവാസ്കറിനു മാരക പരിക്കുകൾ ഏറ്റിട്ടുണ്ട്. എഡിജിപിയുടെ മകള്‍ ആറുതവണയാണ് മൊബൈല്‍ ഫോണ്വച്ച് ആഞ്ഞിടിച്ചത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ പ്രതിരോധിക്കാനായില്ലയെന്നും ഗവാസ്കർ വെളിപ്പെടുത്തി. കരാട്ടെയില്‍ പ്രാവീണ്യമുള്ള യുവതിയുടെ ആക്രമണത്തെ തുടര്‍ന്നു രണ്ടു മിനിറ്റോളം ബോധം നഷ്ടമായ അവസ്ഥയിലായിരുന്നു. വേദനയും നീര്‍ക്കെട്ടും മാറാന്‍ രണ്ടു മാസത്തോളമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കാഴ്ചയ്ക്കു മങ്ങലുമുണ്ട്
എന്നാല്‍ എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാതെ രക്ഷിക്കാനാണ് ചില പൊലീസുകാര്‍ ശ്രമിക്കുന്നത്. ഇതില്‍ പൊലീസ് അസോസിയേഷനില്‍ അമര്‍ഷം പുകയുകയാണ്. ഗവാസ്കറുടെ മൊഴിപ്രകാരം എഡിജിപിയുടെ മകള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ആയുധം ഉപയോഗിച്ച് അപകടപ്പെടുത്താന്‍ ശ്രമം (324), സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൃത്യനിര്‍വഹണത്തില്‍ തടസ്സപ്പെടുത്തല്‍ (332), പൊതുസ്ഥലത്തുവച്ച് അശ്ലീലവാക്കുകള്‍ പ്രയോഗിച്ച് അപമാനിക്കല്‍ (294-ബി) എന്നീ വകുപ്പുകളാണു ചുമത്തിയത്.
എന്നാൽ ഇതിനു തടയിടാൻ എന്ന വണ്ണം എഡിജിപിയുടെ മകൾ ഗവാസ്കറിനെതിരെ പരാതിയുമായി രംഗത്തെത്തി. ഈ പരാതിയില്‍ 294-ബിക്കു പുറമെ സ്ത്രീത്വത്തെ അപമാനിക്കല്‍, ദേഹത്തു കടന്നുപിടിക്കല്‍ (354) എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്ത് ഗവാസ്കര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. എന്നാൽ ഗവാസ്കര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് എ.ഡി.ജി.പിയുടെ മകള്‍ നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തി കഴിഞ്ഞു.
തലസ്ഥാനത്തെ എസ്പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയ എ.ഡി.ജി.പിയുടെ മകള്‍ ഓട്ടോറിക്ഷ ഇടിച്ചെന്നാണു ഡോക്ടറോടു പറഞ്ഞത്. അദ്ദേഹം ഇതു കേസ് ഷീറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതോടെ എഡിജിപി ആകെ പുലിവാല് പിടിച്ച അവസ്ഥയിലാണ്. ഇതിനിടയിലാണ് ഗവാസ്കർ പീഡിപ്പിച്ചുവെന്ന് ആരോപിച്ചു വനിതാ പോലീസിനെ കൊണ്ട് പരാതി നൽകാൻ ശ്രമം നടന്നതായി വിവരങ്ങൾ പുറത്തു വരുന്നത്. പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണു ഗവാസ്കര്‍ക്കു മര്‍ദനമേറ്റതെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അതിലൂടെ നടന്നത്. കൂടാതെ പീഡന ആരോപണത്തിനു ഇരയായ ഗവാസ്കറെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്യണമെന്നായിരുന്നു ഗൂഡാലോചനക്കാരുടെ ലക്ഷ്യം. എന്നാല്‍ ഈ നീക്കത്തിനു പോലീസ് അസ്സോസിയേഷൻ തടയിട്ടു.
എ.ഡി.ജി.പിയുടെ മകള്‍ വനിതാ സിഐക്കു നല്കിയ മൊഴിയും ആശുപത്രിയിലെ ചികിത്സാരേഖയും പൊരുത്തപ്പെടുന്നതല്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഗവാസ്കര്‍ മോശമായി പെരുമാറിയെന്നും ഔദ്യോഗികവാഹനം തന്റെ കാലിലൂടെ കയറ്റിയിറക്കിയെന്നുമാണു സിഐക്കു നല്കിയ മൊഴി. എന്നാല്‍ കാലിലെ പരുക്ക് ഓട്ടോറിക്ഷ ഇടിച്ചതു മൂലമാണെന്നാണ് ആശുപത്രിരേഖ. ചികിത്സിച്ച ഡോ. ഹരി ക്രൈംബ്രാഞ്ചിനു മൊഴി നല്കിയ മൊഴിയിൽ യുവതി പറഞ്ഞപ്രകാരമാണു കേസ് ഷീറ്റില്‍ ഓട്ടോറിക്ഷ ഇടിച്ചുള്ള പരുക്കെന്ന് എഴുതിയതെന്നാണ്. കാര്യമായ പരുക്കൊന്നും കണ്ടിരുന്നില്ല. എക്സ്റേ എടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അതിനു തയാറാകാതെ, യുവതി മരുന്നു വാങ്ങിപ്പോയെന്ന് ഡോക്ടര്‍ മൊഴി നല്കി.
ഗവാസ്കര്‍ അശ്രദ്ധമായി വാഹനമോടിച്ചതിനേത്തുടര്‍ന്നാണു മകള്‍ക്കു പരുക്കേറ്റതെന്നു കാട്ടി ഡി.ജി.പിക്കു സുധേഷ്കുമാര് പരാതി നല്‍കിയിരുന്നു. എന്നാല്‍, മകളുടെ പരാതിയില്‍ ഈ ആരോപണമില്ല. ഈ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പി: സുധേഷ്കുമാറിന്റെ മകള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും. ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്.
Post Your Comments