കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചൈനാ സന്ദര്‍ശനം റദ്ദാക്കി. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചൈനയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയത്. ചൈനയിലെ രാഷ്ട്രീയ നേതാക്കളുമായും വ്യവസായികളുമായും ഷാംഗ്ഹായില്‍ കൂടിക്കാഴ്ച നടത്താനാണ് മമത ഉദ്ദേശിച്ചിരുന്നത്.
ഇന്ത്യയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര വകുപ്പും തമ്മിലുള്ള വിനിമയ പദ്ധതിയുടെ ഭാഗമായുള്ളതായിരുന്നു ഒന്‍പത് ദിവസത്തെ സന്ദര്‍ശനം. എന്നാല്‍ ചൈനീസ് നേതൃത്വത്തില്‍ നിന്ന് കൂടിക്കാഴ്ച സംബന്ധിച്ച് ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു യാത്ര റദ്ദാക്കല്‍.
Read Also : മമതാ ബാനര്‍ജി സുപ്രീം കോടതിയിലേക്ക്
പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചില്ലെങ്കില്‍ ചൈനയുമായുള്ള പരസ്പര വിനിമയ പരിപാടിയുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്ര കൊണ്ട് പ്രയോജനമൊന്നും ഉണ്ടാവില്ലെന്നും അതുകൊണ്ടാണ് യാത്ര ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും മമതാ ബാനര്‍ജി പിന്നീട് ട്വിറ്ററില്‍ കുറിച്ചു.
സന്ദര്‍ശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പരിഹരിക്കുന്നതിന് ഇന്ത്യയുടെ ചൈനീസ് സ്ഥാനപതി ഗൗതം ബംബാവാല ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ചൈനീസ് നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 2017ലും ചൈന സന്ദര്‍ശനത്തിന് മമത ശ്രമിച്ചിരുന്നെങ്കിലും ഡോക്ലാമിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സന്ദര്‍ശനം ഒഴിവാക്കാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു.
Post Your Comments