ന്യൂഡല്‍ഹി : ആണവായുധ ശേഖരത്തില്‍ പാകിസ്ഥാന്‍ മുന്നില്‍ , എന്നാല്‍ കരുത്തില്‍ ഇന്ത്യ തന്നെയെന്ന് റിപ്പോര്‍ട്ട് . ഇന്ത്യയേക്കാള്‍ കൂടുതല്‍ ആണവായുധങ്ങള്‍ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ ഇതൊന്നും ഇന്ത്യയുടെ വീര്യത്തെ ഇളക്കാന്‍ പോന്നതല്ലെന്നാണു നിഗമനം. എണ്ണത്തിലല്ല, കരുത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്.
ഇന്ത്യയ്ക്ക് 130-140 ആണവായുധങ്ങള്‍ കൈവശമുള്ളപ്പോള്‍ പാക്കിസ്ഥാനുള്ളത് 140-150 എണ്ണം. അയല്‍രാജ്യമായ ചൈനയ്ക്കാവട്ടെ 280 ആണവപോര്‍മുനകളുണ്ട്. സ്റ്റോക്കോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്‌ഐപിആര്‍ഐ- സിപ്രി) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. അതേസമയം, യുഎസും റഷ്യയും വേറെ ലെവലാണ്. യുഎസിന് 6450, റഷ്യയ്ക്ക് 6850 വീതം ആണവായുധങ്ങളുണ്ട്. ആഗോള ആണവായുധ ശേഷിയുടെ 92 ശതമാനവും ഈ രണ്ടു രാജ്യങ്ങളിലാണ്.
ബാക്കിയുള്ള ഏഴ് ആണവരാഷ്ട്രങ്ങള്‍ താരതമ്യേന ചെറുതാണെങ്കിലും അണ്വായുധങ്ങള്‍ വികസിപ്പിക്കുന്നതിലും വിന്യസിക്കുന്നതിലും സജീവമാണ്. കര, നാവിക, വ്യോമ കേന്ദ്രങ്ങളില്‍നിന്ന് ഉപയോഗിക്കാവുന്ന തരത്തിലുള്ള ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ വ്യാപൃതരാണ് ഇന്ത്യയും പാക്കിസ്ഥാനും. ആണവായുധങ്ങള്‍ ആധുനികമാക്കി വികസിപ്പിക്കുന്നതില്‍ ചൈനയും മുന്നിലുണ്ടെന്നു സിപ്രി റിപ്പോര്‍ട്ട് പറയുന്നു.
Read Also : ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍
പാക്കിസ്ഥാനും ചൈനയും ആണവായുധങ്ങള്‍ കുന്നുകൂട്ടുമ്പോഴും ഇന്ത്യ ഭയപ്പെടാത്തതിനു കാരണം രാജ്യത്തിന്റെ നിലപാടിലെ ദൃഢതയാണെന്നു പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയ്ക്കും ആണവായുധശേഷി വികസിപ്പിക്കാതെ നില്‍ക്കാനാകില്ല. പക്ഷേ, എണ്ണത്തിലല്ല ആയുധങ്ങളുടെ കരുത്തിലും പ്രഹരശേഷിയിലുമാണ് ഇന്ത്യ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. ‘ആദ്യം ഉപയോഗിക്കില്ല’ എന്ന ഇന്ത്യന്‍ നിലപാടും രാജ്യത്തിനു ഗുണകരമാണ്.
ആരെയും അങ്ങോട്ട് ആക്രമിക്കില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നുമാണ് ആണവയുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട്. പ്രത്യാക്രമണ ശേഷിയില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആണവായുധം വഹിക്കാവുന്ന പാക്കിസ്ഥാന്റെ ഷഹീന്‍-3 മിസൈലിന്റെ ദൂരപരിധി 2750 കിലോമീറ്റര്‍ മാത്രമാണ്. ഇന്ത്യയുടെ അത്യാധുനിക അഗ്‌നി-5 മിസൈലിന്റെ പ്രഹരപരിധി ഇതിന്റെ ഇരട്ടിയോളമാണ്- 5000 കിലോമീറ്റര്‍. ചൈനയും അഗ്‌നിയുടെ അധീനതയിലാകും. പക്ഷേ, ചൈനയുടെ ഡെങ്‌ഫെങ്-41 ഇവയെയെല്ലാം മറികടക്കും. 14,500 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്കു ഡെങ്‌ഫെങ്ങിനെ വിക്ഷേപിക്കാനാകും.
Post Your Comments