ന്യൂഡൽഹി: ഇന്ത്യന്‍ സൈനികന്‍ ഔറംഗസേബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വകുപ്പ്. ഭീകരസംഘടനകളായ ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകളോട് ഉത്തരവാദിത്തം ഏറ്റെടുക്കരുതെന്ന് ഐഎസ്‌ഐ നിര്‍ദ്ദേശിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബുധനാഴ്ച രാത്രിയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ ആയുധധാരികളായ ഭീകരസംഘം തട്ടിക്കൊണ്ടു പോയത്. ഷോപ്പിയാനില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം പെരുന്നാള്‍ അവധിയുടെ ഭാഗമായി നാട്ടിലേക്ക് പോയതായിരുന്നു. ഹിസ്ബുള്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന സമീര്‍ ടൈഗറിനെ വധിച്ച സുരക്ഷാ സേനയുടെ സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനാണ് ഔറംഗസേബ്.
പുല്‍വാമക്കു സമീപമുള്ള ഗുസ്സൂവില്‍ നിന്നും വെടിയുണ്ട തറച്ച നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഔറംഗസേബിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള കശ്മീരിലെ സ്ഥിതിവിശേഷങ്ങള്‍ ഐഎസ്‌ഐ വീക്ഷിച്ചുവരികയാണ്. എന്നാല്‍ കശ്മീര്‍ താഴ്‌വരയിലെ പ്രക്ഷോഭങ്ങളും സൈനികര്‍ക്കുള്ള പിന്തുണയും ചാരസംഘടനയെ കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments