ന്യൂഡൽഹി : കോടികളുടെ തട്ടിപ്പ് നടത്തി ഒളിവിൽ പോയ ഇന്ത്യൻ വ്യവസായി നീരവ് മോദി വിദേശയാത്രകൾ നടത്തിയത് ഇന്ത്യൻ നിർമിത വ്യാജ പാസ്പോർട്ടുകളിലെന്ന് കണ്ടെത്തി. ഇയാളുടെ കൈവശം നിരവധി വ്യാജ പാസ്പോർട്ടുകളുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
എന്നാൽ യഥാർഥ പാസ്പോർട്ടുമായാണ് നീരവ് മോദി ലണ്ടനിൽ എത്തിയതെന്നും ഇവിടെവച്ചാണ് ഈ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കുന്നതെന്നും യുകെ വിദേശകാര്യ അധികൃതർ അറിയിച്ചു. നീരവിന്റെ കൈവശമുള്ള വ്യാജ പാസ്പോർട്ടുകൾ സംബന്ധിച്ച് ഇന്ത്യ ബ്രിട്ടനു വിവരം നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ, മാർച്ചിൽ നീരവ് ഫ്രാൻസിലേക്കു യാത്ര നടത്തിയത് ഇത്തരത്തിൽ ഒരു വ്യാജ പാസ്പോർട്ടിലാണെന്നു വ്യക്തമായി.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയിൽ മുംബൈയിൽനിന്ന് യുഎഇയിലേക്കു കടന്നിരുന്നു. പിന്നീട് അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗിൽ നിരവധി സ്ഥാപനങ്ങൾ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടർന്ന് മോദിയെ പിടികൂടാൻ സർക്കാർ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും. ഇപ്പോൾ ബെൽജിയത്തിലാണ് നീരവ് മോദിയുള്ളതെന്നാണു അന്വേഷണ ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന സൂചന.
Post Your Comments