ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്തു ബാങ്കുകളിൽ നിന്ന് വൻതുക തട്ടിപ്പ് നടത്തിയ ശേഷം മോദി സർക്കാർ തിരിച്ചു പിടിക്കാനൊരുങ്ങിയതോടെ മുങ്ങിയ വ്യവസായികളിൽ നിന്ന് ബാങ്കുകൾ പണം പിടിച്ചെടുത്തതായി കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരിൽ നിന്നായി ബാങ്കുകൾ 13100 കോടി രൂപ തിരിച്ചുപിടിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
വിജയ് മല്യയുടെയും നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെ സ്വത്തുക്കൾ വിറ്റഴിച്ചാണ് ബാങ്കുകൾ 13,109.17 കോടി രൂപ തിരിച്ചുപിടിച്ചതെന്നും മന്ത്രി പറഞ്ഞു. 2021 ജൂലൈ വരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നടപ്പുസാമ്പത്തികവർഷത്തിൽ 3.73 ലക്ഷം കോടി രൂപയുടെ അധിക ഗ്രാന്റ് അനുവദിച്ചതിനെ ചൊല്ലിയുണ്ടായ ചർച്ചയ്‌ക്കിടെ മറുപടി നൽകുകയായിരുന്നു മന്ത്രി. ഈ വർഷം ജൂലൈ 16ന് വിജയ് മല്യയുടെ 792 കോടി രൂപയുള്ള ആസ്തി തിരിച്ചുപിടിച്ചതാണ് ഇതിൽ ഏറ്റവും അവസാനത്തേതെന്നും മന്ത്രി പറഞ്ഞു.
14,000 കോടി രൂപയുടെ പിഎൻബി തട്ടിപ്പ് കേസിൽ ഒളിവിൽപ്പോയ വ്യവസായിയും മുഖ്യപ്രതിയുമായ നീരവ് മോദി നിലവിൽ തെക്കുപടിഞ്ഞാറൻ ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിലാണ്.ഇയാൾക്ക് നാല് തവണ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. ഇന്ത്യ വിട്ട് 17 മാസത്തിന് ശേഷം മാർച്ച് 20 നാണ് മോദി ലണ്ടനിൽ അറസ്റ്റിലായത്. അതേസമയം, ബാങ്കുകളുടെ കൺസോർഷ്യത്തിന് മുതലും പലിശയുമായി മല്യ 9,000 കോടി രൂപ നൽകാനുണ്ട്.
ഏഴുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകകൾ വായ്പാതട്ടിപ്പ് നടത്തിയവരിൽ നിന്നായി 5.49 ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചുവെന്നും നിർമലാ സീതാരാമൻ പറഞ്ഞു.നിക്ഷേപകരുടെ പണം പൊതുമേഖലാ ബാങ്കുകളിൽ സുരക്ഷിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2019-2020 വർഷത്തിൽ അനുവദിച്ച തുകയുടെ 86.4 ശതമാനവും സാമ്പത്തികവർഷത്തിന്റെ ആദ്യ എട്ടുമാസത്തിൽ തന്നെ കേന്ദ്രം സംസ്ഥാനങ്ങൾക്കു ട്രാൻസ്ഫർ ചെയ്തു നൽകിയിട്ടുണ്ടെന്നും നിർമല പറയുന്നു.
Post Your Comments