കണ്ണൂര്‍: പ്രഭാകര്‍ ദാസിനെ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം വ്യക്തമാക്കി പ്രതികള്‍. വളപട്ടണം കീരിയാട്ടെ പ്ലൈവുഡ് ഫാക്ടറി സൂപ്പര്‍ വൈസറായിരുന്ന ഒഡീഷാ സ്വദേശി പ്രഭാകര്‍ ദാസാണ് കൊല്ലപ്പെട്ടത്. യുവാവിനെ കൊലപ്പെടുത്തിയത് പെട്ടെന്ന് സമ്പന്നരാകാനുള്ള മോഹത്തിലെന്ന് പ്രതികള്‍ സമ്മതിച്ചു.
കഴിഞ്ഞ മാസം12 ാം തീയ്യതി വാടക ക്വാട്ടേസില്‍ ഭാര്യയുടെ കണ് മുന്നില്‍ വച്ചാണ് അര്‍ദ്ധ രാത്രിയോടെ പ്രഭാകര്‍ ദാസിനെ കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ച അഞ്ചുപേരാണ് ഭര്‍ത്താവിനെ കൊന്നതെന്ന് ഭാര്യ ലക്ഷ്മിപ്രിയ പൊലീസിന് മൊഴി നല്‍കിയിരുന്നു. ലക്ഷ്മി പ്രിയക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു.
. ഒഡീഷ സ്വദേശികളായ ഗോണിയ എന്ന ഗണേശ് നായിക്കാണ് കേസിലെ മുഖ്യപ്രതി. രണ്ടാം പ്രതി തൂഫാന്. ഒഡീഷാ സ്വദേശി തന്നെയായ ശാന്ത ഗ്രാമത്തിലെ ബോളിയ ഒളിവിലാണ്. ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. മറ്റ് രണ്ടു പ്രതികള്‍ പ്രായപൂര്‍ത്തി എത്താത്തവരാണ്. കൊലപാതകത്തിന് ഉപയോഗിച്ച കത്തികള്‍ വാങ്ങിയത് പ്രസ്സ് ക്ലബ് റോഡിലെ കടയില്‍ നിന്നാണെന്ന് പ്രതികള്‍ മൊഴി നല്‍കിയതോടെ കൃത്യം നടത്തിയ വീട്ടിന് സമീപം വെച്ച് മൂന്ന് കത്തികള്‍ കണ്ടെത്തി.
സംഭവ ദിവസം തലേന്ന് രാവിലെ ആന്ധ്രയില്‍ നിന്ന് ചെന്നൈയിലെത്തുകയും അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് വരികയായിരുന്നു. നഗരത്തിലെ കടയില്‍ നിന്ന് കത്തിയും കയറും വാങ്ങിയാണ് ഇവര്‍ വൈകീട്ട് ബസ് മാര്‍ഗം പുതിയതെരുവിലെത്തിയത്. അവിടെ ബാറില്‍ കയറി അഞ്ചംഗ സംഘം മദ്യപിക്കുകയും തൊട്ടടുത്ത ഹോട്ടില്‍ പോയി ഭക്ഷണം കഴിച്ചശേഷം നടന്ന് പുഴാതി പയറ്റാകാവിന് സമീപത്തെത്തി. കാറ്റും മഴയും വന്നപ്പോള്‍ സംഘം ഓടി പ്രഭാകര്‍ ദാസിന്റെ വീടിന്റെ വരാന്തയില്‍ നിന്നു. ആ സമയം കറന്റ് പോവുകയും ചെയ്തിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ പ്രഭാകര്‍ ദാസിന്റെ വീടിന്റെ വാതില്‍ മുട്ടിവിളിച്ചു. ഈ സമയം പ്രഭാകര്‍ ദാസിന്റെ ഭാര്യ ലക്ഷ്മിപ്രിയ വാതില്‍ തുറന്നു.
സംഘം അക്രമിച്ച് അകത്ത് കടന്ന് ഭീഷണിപ്പെടുത്തി ലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവാങ്ങി. ഉറങ്ങികിടക്കുന്ന പിഞ്ചുകുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുത്തു. ബഹളം കേട്ട് ഞെട്ടിയുണര്‍ന്ന പ്രഭാകര്‍ദാസ് കിടപ്പറയില്‍ നിന്ന് പുറത്തുവന്നപ്പോള്‍ അഞ്ചംഗ സംഘം ഇയാളെ കസേരയില്‍ കെട്ടിയിട്ടു. ഇതിനിടയില്‍ അലമാരയില്‍ സൂക്ഷിച്ച 60,000ത്തോളം രൂപയും സംഘം കൈക്കലാക്കി. പിടിവലിക്കിടയില്‍ മുഖ്യപ്രതിയായ ജനനായ്ക് പ്രഭാകര്‍ദാസിന്റെ വയറ്റിലും നെഞ്ചിലും മൂന്നുതവണ കത്തി കുത്തിയിറക്കി. കുടല്‍മാല പുറത്തുചാടി ചോര വാര്‍ന്ന് അവശനായ പ്രഭാകര്‍ ദാസ് മരിക്കുകയായിരുന്നു. മോഷണ മുതലുകളുമായി ഇവര്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തി ആഭരണപ്പെട്ടികളും മറ്റും ഉപേക്ഷിച്ച ശേഷം പുലര്‍ച്ചെയുള്ള ട്രെയിന്‍ കയറി നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.
Post Your Comments