Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

അച്ഛന്റെ വിയര്‍പ്പ് തുള്ളികള്‍ കൊണ്ട് കോര്‍ത്തതാണ് എന്റെ ചിലങ്ക, മഞ്ജു പറഞ്ഞ വാക്കുകളെ ഓര്‍ത്തെടുത്ത് സമൂഹ മാധ്യമങ്ങള്‍

അച്ഛന്‍ മാധവ വാര്യരുടെ ദേഹ വിയോഗത്തില്‍ മലയാളത്തിന്‌റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ കടന്നുപോകുമ്പോള്‍ മജ്ഞു കുറച്ച് നാള്‍ മുന്‍പ് പറഞ്ഞ വാക്കുകളെ ഓര്‍ത്തെടുക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. ഞങ്ങള്‍ ചിരിക്കാന്‍ വേണ്ടി അച്ഛന്‍ ഒരുപാട് കരച്ചില്‍ ഉള്ളിലൊതുക്കിയിരുന്നു. അച്ഛന്‌റെ വിയര്‍പ്പ് തുള്ളികള്‍കൊണ്ട് കോര്‍ത്തതാണ് എന്‌റെ ചിലങ്കയെന്ന് മഞ്ജു കണ്ണീരോടെ പറയുന്ന വാക്കുകള്‍ കാലത്തിന് മുന്‍പേ സഞ്ചരിക്കുന്നതായി മാറി.

നടന്‍ സമുദ്രകനിയുടെ അപ്പ എന്ന സിനിമയുടെ പ്രമോഷനു വേണ്ടി മഞ്ജു സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നിറകണ്ണുകളോടെ മഞ്ജു പറയുന്ന വാക്കുകള്‍ കേരളക്കരെയുടെ നെഞ്ചില്‍ നീറ്റലായി മാറിയിരിക്കുകയാണ്.

മജ്ഞുവിന്‌റെ വാക്കുകള്‍ ഇങ്ങനെ

അച്ഛനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നതും തമിഴ് മണ്ണിലാണ്. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ എന്നാ സ്ഥലത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. അച്ഛന് അവിടെയൊരു ചിട്ടിക്ക കമ്പനിയിലായിരുന്നു ജോലി. ജമന്തിയുടേയും ഭസ്മത്തിന്റെയും പൊടി മണ്ണിന്റെയുമൊക്കെ മണമുള്ള വൈകുന്നേരങ്ങളില്‍ അച്ഛന്റെ മോട്ടോര്‍ ബൈക്കിന് കാതോര്‍ത്ത്, അച്ഛന്‍ ഓഫീസില്‍ നിന്ന് വരുന്നതും കാത്ത് ഞാനും ചേട്ടനും ഞങ്ങളുടെ കുഞ്ഞു വീട്ടിന്റെ ഗേറ്റില്‍ പിടിച്ചു കയറി റോഡിലേക്ക് നോക്കി നില്‍ക്കുന്നത് എനിക്കോര്‍മ്മയുണ്ട്. അച്ഛന്റെ മോട്ടോര്‍ ബൈക്കിന്റെ ശബ്ദം കേള്‍ക്കുമ്‌ബോള്‍ ഞങ്ങളുടെ മനസ്സ് തുള്ളിച്ചാടും.

അതിനു ശേഷം ചേട്ടന്റെ പഠനം തിരുവനന്തപുറത്തെ സൈനിക് സ്‌കൂളിലേക്ക് മാറ്റിയപ്പോള്‍ ആഴ്ചയിലൊരു ദിവസം ഞങ്ങളെല്ലാവരും ബസില്‍ നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബസില്‍ യാത്ര ചെയ്യുമായിരുന്നു. ചേട്ടനെ കാണാനാണ് പോകുന്നതെങ്കിലും തിരിച്ചു വരുമ്പോള്‍
ചേട്ടനില്ല എന്നത് എന്റെ കണ്ണ് നനയിക്കും. അപ്പോള്‍ എനിക്കോര്‍മ്മയുണ്ട്, അച്ഛന്‍ എനിക്ക് പാട്ട് പാടിത്തരുമായിരുന്നു കടലിനക്കരെ പോണോരേ, കാണാ പൊന്നിന് പോണോരേ പോയ്വരുമ്‌ബോള്‍ എന്ത് കൊണ്ട് വരും?

ചിലപ്പോള്‍ തമിഴ് പാട്ടായിരിക്കും. എന്റെ കരച്ചില്‍ മാറ്റി, എന്നെ ചിരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അച്ഛനത് ചെയ്തിരുന്നത്. ഞങ്ങള്‍ക്ക് ചിരിക്കാന്‍ വേണ്ടി ഒരു പാട് സങ്കടങ്ങള്‍ അച്ഛന്‍ ഉള്ളിലൊതുക്കിയിരുന്നു എന്ന് അന്നൊന്നും എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. തുച്ഛമായ ശമ്ബളത്തില്‍ നിന്നും മിച്ചം പിടിച്ചും സ്വന്തം ആഗ്രഹങ്ങളും സൗകര്യങ്ങളുമൊക്കെ പലതും മാറ്റി വച്ചിട്ടുമാണ് അച്ഛന്‍ ഞങ്ങളുടെ പല ആവശ്യങ്ങളും നടത്തിത്തന്നിരുന്നത്. യാത്ര ചെയ്യാന്‍ കമ്ബനി അനുവദിച്ച പണം, അതു ഞങ്ങളുടെ എന്തെങ്കിലും ആവശ്യത്തിനു മാറ്റി വച്ചിട്ട്, അച്ഛന്‍ നടന്നു പോയി. അച്ഛന്റെ വിയര്‍പ്പു തുള്ളികള്‍ കൊണ്ട് കോര്‍ത്തതാണ് എന്റെ ചിലങ്ക എന്ന് പോലും പലപ്പോഴും തോന്നാറുണ്ട്.

അച്ഛന്റെ അന്നത്തെ അവസ്ഥയൊന്നും എനിക്കറിയില്ലായിരുന്നു. അത് കൊണ്ടാണ്, ജോലി സംബന്ധമായി ദൂരയാത്രയൊക്കെ പോകുമ്പോള്‍
വാങ്ങാനുള്ള കളിപ്പാട്ടങ്ങളുടെ വലിയൊരു ലിസ്റ്റ് അച്ഛന് കൊടുക്കും. അതിലേക്ക് നോക്കുമ്‌ബോള്‍ എന്തിനായിരുന്നു അച്ഛന്‍ എന്നെ ചേര്‍ത്ത് പിടിച്ചിരുന്നത് എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാവുന്നു. തിരിച്ചു വരുമ്പോള്‍ കൈയ്യിലൊരു പാവയുണ്ടാവും. എന്തെങ്കിലും ചെറിയൊരു കളിപ്പാട്ടമുണ്ടാവും. പക്ഷേ ആ ഒരു ചെറിയ സമ്മാനത്തിന് വേണ്ടി അച്ഛന്‍ എത്ര മാത്രം വിഷമിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ കുറേ കാലം വേണ്ടി വന്നു. അതിനു ശേഷം മുതിര്‍ന്നപ്പോള്‍ ജീവിതത്തെ എങ്ങനെ നേരിടണം എന്ന് ഞാന്‍ പഠിച്ചതും അച്ഛന്റെ അടുത്ത് നിന്നാണ്. ജീവിതത്തിലെ പല തീരുമാനങ്ങളും സ്വന്തമായി ഞാന്‍ എടുത്തപ്പോഴും അച്ഛന്‍ കുറ്റം പറഞ്ഞില്ല. അച്ഛന്‍ ഒപ്പം നിന്നതേയുള്ളൂ. ഒപ്പം അച്ഛനുണ്ട് എന്ന വിശ്വാസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്‍ബലം.

പക്ഷേ സഹ്യപര്‍വ്വതം പോലെ ഞങ്ങള്‍ക്ക് കാവല്‍ നിന്ന, ഒരു മരം പോലെ തണലിലേക്ക് ഞങ്ങളെ അടുപ്പിച്ചു ചേര്‍ത്ത് നിര്‍ത്തിയിരുന്ന അച്ഛന്‍ തളര്‍ന്നു പോകുന്നത് ഞാന്‍ കണ്ടു. അത് ഈ അടുത്ത കാലത്ത് അച്ഛന് കാന്‍സര്‍ പിടിപെട്ടപ്പോഴായിരുന്നു. പക്ഷേ അപ്പോള്‍ അച്ഛന്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ചിരുന്ന പോലെ, ഞങ്ങളെല്ലാവരും അച്ഛനെ ചേര്‍ത്ത് പിടിച്ചു. ഞങ്ങള്‍ക്ക് നല്‍കിയ സ്നേഹത്തിന്റെയും ആ ഒരു കരുതലിന്റെയും ഒന്നുമൊരു കണിക പോലുമാവില്ല എന്നറിഞ്ഞിട്ടും ഞങ്ങള്‍ എല്ലാവരും അച്ഛനോടൊപ്പം ഉണ്ടായിരുന്നു. അപ്പാ, നീങ്ക എനക്ക് കടവുള്‍ താന്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button