ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‌റെയും സാഹിത്യകാരന്‍ കല്‍ബുര്‍ഗിയുടെയും വധത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഫോറന്‍സിക്ക് വിഭാഗം. രണ്ടു പേരും കൊല്ലപ്പെട്ടത് തോക്കില്‍ നിന്ന് വെടിയേറ്റായിരുന്നു. നാളുകളായി നടന്നു വന്ന അന്വേഷണത്തിലാണ് പുതിയ വിവരങ്ങള്‍ ലഭിക്കുന്നത്.
ഇരുവരും കൊല്ലപ്പെട്ടത് ഒരേ തോക്കില്‍ നിന്ന് വെടിയേറ്റാണെന്നാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്. 7.65 എംഎം നാടന്‍ തോക്കുപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പൊലീസ് കോടതി മുന്‍പാകെ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് പേരുടെ വധത്തിന് പിന്നിലും ഒരേ ആളുകളാണ് എന്നതില്‍ സംശയത്തിലായിരുന്നു പൊലീസ്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇത് സ്ഥിരീകരിക്കുവാന്‍ പോലീസിന് സാധിച്ചിരുന്നില്ല.
ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ആദ്യം തോന്നിയ സംശയത്തെ ഔദ്യോഗികമായി ഉറപ്പിക്കുന്നതാണ്. കല്‍ബുര്‍ഗിയുടെ ശരീരത്തില്‍ നിന്ന് രണ്ടും ഗൗരി ലങ്കേഷിന്‌റെ ശരീരത്തില്‍ നിന്ന് മൂന്നും വീതം വെടിയുണ്ടകളാണ് കണ്ടെടുത്തത്. 2017 സെപ്റ്റംബര്‍ അഞ്ചിന് ഗൗരി ലങ്കേഷും 2015 ഓഗസ്റ്റ് 30ന് കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടു. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ഹിന്ദു യുവസേന പ്രവര്‍ത്തകനടക്കം 5 പേര്‍ക്കെതിരെയാണ് കുറ്റപത്രം.
Post Your Comments