തിരുവനന്തപുരം: 15 കോടി രൂപ വിലമതിക്കുന്ന മദ്യം ഒഴുക്കിക്കളയാന്‍ ബിവറേജസ് കോര്പ്പറേഷന് തീരുമാനിച്ചു. ഒന്നര ലക്ഷം ലിറ്റര്‍ മദ്യമാണ് ഒഴുക്കി കളയുന്നത്. മദ്യം നശിപ്പിക്കാന്‍ നികുതി വകുപ്പ് അനുവാദം കൊടുത്തതോടെയാണ് തീരുമാനവുമായി മുന്നോട്ട് പോകാന്‍ ബിവറേജസ് കോര്പ്പറേഷന് തീരുമാനിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ പൂട്ടിയ സമയത്ത് റെയ്ഡുകളിലും മറ്റും പിടിച്ചെടുത്ത മദ്യമാണ് ഒഴുക്കിക്കളയുന്നത്. ഈ മദ്യം വീണ്ടും ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലാണ് കോര്‍പ്പറേഷനുള്ളത്.
രണ്ട് വര്‍ഷത്തോളമായി ഈ മദ്യം ബിവറേജസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബാറുകള്‍ പൂട്ടിയ സമയത്ത് സര്‍ക്കാരും ബാറുടമകളും തമ്മില്‍ കടുത്ത ഭിന്നതയിലായിരുന്നു. അതിനാല്‍ ബാറുകളില്‍ നിന്ന് പിടിച്ചെടുത്ത മദ്യം സുരക്ഷിതമല്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് മദ്യം ഒഴുക്കി കളയുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെ 23-ഓളം സംഭരണ കേന്ദ്രങ്ങളിലാണ് ഈ മദ്യം സൂക്ഷിച്ചിരിക്കുന്നത്.
വിസ്കി, ബ്രാണ്ടി, റം, ബിയര്‍, വൈന്‍ എന്നിയുടെ അമ്പതോളം ബ്രാന്‍ഡുകള്‍ ഇക്കൂട്ടത്തിലുണ്ട്. മദ്യം ഒഴുക്കി കളഞ്ഞ ശേഷം ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ലേലം ചെയ്യും. കോര്പ്പറേഷന് കീഴിലുള്ള തിരുവല്ല പുളിക്കീഴിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ എത്തിച്ചാണ് മദ്യം ഒഴുക്കിക്കളയുന്നത്. വന്‍ കുഴികളുണ്ടാക്കി ഓരോ കുപ്പികളായി തുറന്ന് മദ്യം കളയാനാണ് തീരുമാനം. ഇതിനായി ജോലിക്കാരെ നിയമിച്ചിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ടാകും.
Post Your Comments