ഗാസിയാബാദ്: ഒന്നര വര്‍ഷം മുന്‍പ് കാണാതായ നാലുവയസ്സുകാരന്റെ എന്നു കരുതുന്ന അസ്ഥികൂടം വീടിന്റെ ടെറസ്സിലെ മരപ്പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍. 2016 ഡിസംബര്‍ ഒന്നിനാണ് മുഹമ്മദ് സെയ്ദ് എന്ന നാലുവയസ്സുകാരനെ കാണാതായത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവിന് ഫോണ്‍സന്ദേശം എത്തിയിരുന്നു. തുടര്‍ന്ന് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
ഞായറാഴ്ച കുട്ടികള്‍ കളിക്കുന്നതിനിടെ പന്ത് സഹിബാബാദിലെ ഗരിമ ഗാര്ഡന് മേഖലയിലുള്ള വീടിന്റെ ടെറസ്സിലേക്ക് പോയിരുന്നു. പന്ത് എടുക്കാന്‍ അവിടെയെത്തിയ കുട്ടികളാണ് പെട്ടിയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. കുട്ടികള്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സെയ്ദിന്റെ പിതാവാണ് അത് കാണാതായ തന്റെ മകനാണെന്ന് പറഞ്ഞത്.
അസ്ഥികൂടത്തിനൊപ്പം ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍ കണ്ടാണ് ഇദ്ദേഹം അത് മകന്റേതാണെന്ന വാദം ഉന്നയിച്ചത്. കുട്ടിയുടേത് തന്നെയാണ് മൃതദേഹം എന്നുറപ്പിക്കാൻ പോലീസ് ഡി എൻ എ പരിശോധന നടത്താനൊരുങ്ങുകയാണ്.
Post Your Comments