പെന്റഗണ്‍ : ലോകത്ത് ഇതുവരെ ഉത്തരം കിട്ടാത്ത പ്രതിഭാസമാണ് പറക്കുംതളികയും അന്യഗ്രഹ ജീവികളും. പറക്കുംതളികയെ ലോകത്തിന്റെ പല ഭാഗത്ത് കണ്ടെങ്കിലും അത് കണ്ണടച്ച് തുറക്കും മുമ്പ് അപ്രത്യക്ഷമാകുകയാണ്. അതുകൊണ്ടു തന്നെ ഇത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്താനും തെളിവുകളില്ല. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ എല്ലാവരേയും ഞെട്ടിക്കുന്നതാണ്.
പറക്കും തളികയെ പിന്തുടരാന്‍ ശ്രമിച്ച അമേരിക്കന്‍ നാവികസേനയുടെ പോര്‍ വിമാനത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പെന്റഗണില്‍ നിന്നും ചോര്‍ന്നു. മറ്റുചില രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നിര്‍മിച്ച ഈ റിപ്പോര്‍ട്ട് 2009ലാണ് പെന്റഗണില്‍ സമര്‍പ്പിക്കപ്പെട്ടത്. പസിഫിക് സമുദ്രത്തിനു മുകളില്‍ വെച്ച് 2004 നവംബര്‍ 14നായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ടിലുണ്ട്.
അമേരിക്കന്‍ നാവികസേനയുടെ പോര്‍വിമാനങ്ങളുടെ സ്വാഭാവിക പരിശീലന പറക്കലിനിടെയാണ് ഈ സംഭവമുണ്ടായത്. ദക്ഷിണ കരോലിനയുടേയും മെക്സിക്കോയുടേയും ഇടയിലായി പസിഫിക് സമുദ്രത്തില്‍ വെച്ചായിരുന്നു പരിശീലനം. യുഎസ്എസ് പ്രിന്‍സ്ടണ്‍ എന്ന വിമാനവാഹിനിക്കപ്പലും പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. കപ്പലിലെ റഡാറുകള്‍ നവംബര്‍ പത്തിന് അസാധാരണമായ ഒരു പറക്കും വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു.
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 60,000 അടി ഉയരത്തിലായിരുന്നു ഈ പറക്കുന്ന വസ്തുവുണ്ടായിരുന്നത്. റഡാറിലുള്ള പരിശോധനക്കിടെ തന്നെ ഈ വസ്തു അതിവേഗത്തില്‍ സമുദ്രത്തില്‍ നിന്നും വെറും അമ്പതടിയിലേക്ക് വരെ താഴ്ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കുറച്ചു സമയം പറന്ന ശേഷം അതിവേഗത്തില്‍ അപ്രത്യക്ഷമായെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒരു ബാലിസ്റ്റിക് മിസൈലിന്റെ വേഗത്തിലാണ് ഈ പറക്കും തളിക സഞ്ചരിച്ചിരുന്നത്.
പിന്നീട് നവംബര്‍ 14ന് രാവിലെ പതിനൊന്നുമണിയോടെ വീണ്ടും ഇതേ പറക്കും തളികയുടെ സാന്നിധ്യമുണ്ടായി. പരിശീലനപ്പറക്കലിന് ശേഷം മടങ്ങുകയായിരുന്ന രണ്ട് എഫ്എ-18 സി ഹോര്‍നെറ്റ് പോര്‍വിമാനങ്ങളായിരുന്നു ഇത്തവണ പറക്കും തളിക കണ്ടത്. മേഖലയില്‍ പരിശീലനം നടത്തുകയായിരുന്ന ഒരു ഇ 2സി നിരീക്ഷക വിമാനത്തിന്റെ റഡാറിലും ഈ പറക്കുംതളിക കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ ഈ വസ്തുവിനെ പിന്തുടരാനായില്ല.
എഫ്എ-18 സി വിമാനങ്ങള്‍ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയായി സമുദ്രത്തിലായിരുന്നു ഈ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. സമുദ്രത്തിനു മുകളിലായി ഏകദേശം 50 മുതല്‍ 100 മീറ്റര്‍ വരെ വലിപ്പമുള്ള വൃത്താകൃതിയിലുള്ള വസ്തുവിനെയാണ് റഡാര്‍ കണ്ടെത്തിയത്. ഇത് മുങ്ങിക്കപ്പലുകളോ മറ്റോ ആണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് റിപ്പോര്‍ട്ടിലുള്ള വിവരങ്ങള്‍ ദുരൂഹതയുള്ളതാണ്. റഡാറില്‍ കണ്ടെത്തിയ ഈ വസ്തുവിനെ മനുഷ്യന് കാണാനാകുമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നാവികസേനയുടെ എഫ്എ-18എഫ് പൈലറ്റായിരുന്ന കമാന്‍ഡര്‍ ഡേവിഡ് ഫ്രേവറും ലെഫ്റ്റനന്റ് കമാന്‍ഡര്‍ ജിം സ്ലൈറ്റും ഈ പറക്കും തളികയെ കണ്ടിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ ഡേവിഡ് ഫ്രേവര്‍ പിന്നീട് പരസ്യമായി തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. കടല്‍ തിളച്ചു മറിയുന്നതുപോലെ ശ്രദ്ധയില്‍പെട്ടപ്പോള്‍ നോക്കിയ സമയത്താണ് വലിയ മുട്ടയുടെ ആകൃതിയിലുള്ള ഒരു പറക്കും തളിക നേരെ കുത്തനെ പറന്നുയര്‍ന്നതെന്നാണ് ഫ്രേവര്‍ പറഞ്ഞത്. ഈ രഹസ്യ റിപ്പോര്‍ട്ടില്‍ സ്ലൈറ്റ് പറക്കും തളികയെ വിശദീകരിക്കുന്നതിങ്ങനെ ‘വെളുത്ത മിനുമിനുത്ത വശങ്ങളില്ലാത്ത ഒരു രൂപമായിരുന്നു അത്. എന്തെങ്കിലും വാതിലുകളോ ജനലുകളോ ചിറകുകളോ പോലും ആ വസ്തുവിലുണ്ടായിരുന്നില്ല’
പറക്കും തളിക എന്താണെന്ന് രഹസ്യ റിപ്പോര്‍ട്ട് ഉറപ്പിക്കുന്നില്ല. നമുക്കറിവുള്ള എന്തെങ്കിലും വിമാനങ്ങളോ പറക്കുന്ന വസ്തുക്കളോ ആയി ആ വസ്തുവിന് ബന്ധമില്ല. അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ വിവരിച്ച പ്രകാരമുള്ള വസ്തു നിര്‍മിച്ചിട്ടില്ലെന്നും രഹസ്യ റിപ്പോര്‍ട്ട് പറയുന്നു. ഒരിക്കലും പുറത്തുവരാന്‍ സാധ്യതയില്ലാത്ത റിപ്പോര്‍ട്ടാണ് പെന്റഗണില്‍ നിന്നും ചോര്‍ന്നിരിക്കുന്നതെന്നും പറക്കും തളികകള്‍ സത്യമാണെന്നതിന്റെ തെളിവാണിതെന്നുമാണ് കോണ്‍സ്പിറസി തിയറിസ്റ്റുകളുടെ വാദം.
Post Your Comments