തിരുവനന്തപുരം: പുത്തന്‍ ബാഗുകളും കുടകളുമായി കുരുന്നുകള്‍ ഇന്നു മുതല്‍ വീണ്ടും സ്കൂളുകളിലേക്ക് പുത്തന്‍ അധ്യയനവര്‍ഷത്തെ വരവേൽക്കാന്‍ സംസ്ഥാനത്തെ സ്കൂളുകള്‍ ഒരുങ്ങി കഴിഞ്ഞു. ഒറ്റ പ്രസവത്തില്‍ മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിൽ ജനിച്ച മൂവർ സംഘം ആദ്യമായി സ്‌കൂളിലേക്ക് പോകുകയാണ്. ഹരിപ്പാട് താമല്ലാക്കല്‍ വലിയവിളയില്‍ സനല്‍കുമാര്‍- സതി ദമ്പതികളുടെ മക്കളാണ് ഇന്ന് ഒന്നിച്ച് അക്ഷരമുറ്റത്ത് കാല്‍കുത്തുന്നത്. ഗായത്രി എസ്, ഗൌരി എസ് , കൃഷ്ണപ്രസാദ് എസ് എന്നീ കുരുന്നുകള്‍ കുമാരപുരം (കവറാട്ട്) പൊത്തപ്പള്ളി ഗവ: എല്‍ പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശിക്കും.
ദമ്പതികളുടെ മൂത്ത മകന്‍ വിഷ്ണു പ്രസാദ് നാലുവയസ്സുള്ളപ്പോൾ വൃക്ക സംബന്ധമായ അസുഖം മൂലം മരിച്ചു. പിന്നീട് കുട്ടികളില്ലാതെ വിഷമിച്ച കുടുംബത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് കുരുന്നുകള്‍ ജനിക്കുകയായിരുന്നു. മൂത്ത മകന്റെ ഓർമ്മ നിലനിർത്താനായി ഇവരിലെ ആൺകുട്ടിക്ക് കൃഷ്ണപ്രസാദ് എന്ന പേര് നൽകുകയായിരുന്നു. ഇന്ന് സ്കൂളുകൾ തുറക്കുന്നതിന്റെ സംസ്ഥാനതല പ്രവേശനോത്സവം നെടുമങ്ങാട് ഗവണ്മെന്റ് എല്‍പി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കും. ഇതേത്തുടര്‍ന്നു പ്രവേശനോത്സവത്തിന്റെ പ്രധാന വേദിയിലേക്ക് വിദ്യാഭ്യാസമന്ത്രിയും കുട്ടികളും ഒപ്പമുള്ളവരും എത്തും. തുടര്‍ന്നു മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തു ഇന്ന് സ്കൂളുകൾ തുറക്കുമെങ്കിലും നിപ്പാ വൈറസ് ബാധിച്ച കോഴിക്കോട് ജില്ലയിലും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലും സ്കൂളുകള്‍ ജൂണ്‍ അഞ്ചിനും മലപ്പുറം ജില്ലയില്‍ ജൂണ്‍ ആറിനുമാണ് സ്കൂള്‍ തുറക്കുക.
Post Your Comments