കഴിഞ്ഞ ദിവസം ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണര്‍ ആയി പ്രഖ്യാപിച്ചപ്പോള്‍ ഒരു മാധ്യമം ആ വാര്‍ത്തയ്ക്ക് ട്രോളല്ല എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചതാണ്. എന്തുകൊണ്ടാണ് ഇങ്ങനെ. ഇതാണോ മാധ്യമ ധര്‍മ്മം. ഒരാളെ എങ്ങനെ കളിയാക്കാമോ എന്നെല്ലാം ചിന്തിച്ചു കളിയാക്കി തങ്ങള്‍ വിചാരിച്ചാല്‍ പലതും നടക്കുമെന്ന മൂഡലോകത്ത് ജീവിക്കുന്ന ചിലരുണ്ട്. അവരുടെ പ്രവര്‍ത്തിയായിരുന്നു ഈ കളിയാക്കല്‍. എക്കാലത്തും ട്രോളന്മാരുടെ ഇഷ്ടതാരമാണ് കുമ്മനം. ചിരിച്ച മുഖത്തോടെ മാത്രം എല്ലാവരോടും സംസാരിക്കുന്ന കുമ്മനത്തെക്കുറിച്ചു പലരും അറിയാത്ത, അറിയാന്‍ ശ്രമിക്കാത്ത ചില കാര്യങ്ങളുണ്ട്.
ബിജെപിയുടെ എക്കാലത്തെയും സൗമ്യമുഖമാണ് കുമ്മനം രാജശേഖരന്‍. ട്രോളുകളില്‍ തളരാതെ മുന്നോട്ട് നീങ്ങിയ പാര്‍ട്ടിയുടെ കരുത്തുറ്റ ഈ നേതാവ് വിമര്‍ശനങ്ങളിലും വിവാദങ്ങളിലും തകരാതെ കഴിഞ്ഞ 3 വര്‍ഷമായി കേരളഘടകത്തെ നയിക്കുന്നു. വി മുരളീധരന്‍ കാലാവധി കഴിഞ്ഞ് ഒഴിഞ്ഞതിന് ശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ആയി കുമ്മനം സ്ഥാനമേല്‍ക്കുന്നത്. 2015 ഡിസംബറിലാണ് സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ ഒരാള്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തിയത് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും അപ്രതീക്ഷിതമായിരുന്നു. പിന്നീട് അങ്ങോട്ട് നിറയെ വിവാദങ്ങള്‍ കുമ്മനത്തെ പിടികൂടിയെങ്കിലും ഒന്നിലും കടുത്ത പരാമര്‍ശങ്ങള്‍ നടത്താതെ കഴിഞ്ഞ 3 വര്‍ഷങ്ങളായി ജനനായകനായി പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നു. അതിലെ ഏറ്റവും വലിയ വിജയമാണ് ഒ.രാജഗോപാല്‍ എന്ന ബിജെപി എംഎല്‍എയെ കേരളത്തിന് ലഭിച്ചത്. അതിനിടയിലാണ് കേന്ദ്രത്തിന്റെ ചടുല നീക്കത്തില്‍ മിസോറാം ഗവര്‍ണറിന്റെ ചുമതല തേടിയെത്തുന്നത്.
മിസോറാം ഗവര്‍ണര്‍ പദവി അപ്രതീക്ഷിതമായി കടന്നുവരുമ്പോള്‍ പാര്‍ട്ടിയുടെ നേതാക്കള്‍ക്കുപോലും അത് അറിവില്ലായിരുന്നു എന്നു പറയുന്നതാകും ശരി. ഹിന്ദു ഐക്യവേദി, ആര്‍എസ്‌എസ് സംഘടനകളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കുമ്മനം രാജശേഖരന്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായും ബിജെപി സ്ഥാനാര്‍ത്ഥിയായും തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. കുബേര കുടുംബത്തില്‍ ജനിച്ച്, മികച്ച വിദ്യാഭ്യാസം നേടുകയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപത്തില്‍ ജോലി നേടുകയും ചെയ്ത വ്യക്തിയാണ് കുമ്മനം. എന്നാല്‍ 1987ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവച്ച അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. ഒരു പഞ്ചായത്ത് അംഗത്തെ പോലും ബിജെപിയെന്ന പാര്‍ട്ടിയില്‍ നിര്‍ത്തി ജയിപ്പിക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിലും തന്റെ ആശയത്തെ പ്രചരിപ്പിക്കാനായി സ്വപ്നതുല്യമായ ജോലി രാജിവച്ച നേതാവ്. വിവാഹം പോലും വേണ്ടെന്നുവച്ച് സജീവ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് കടന്ന കുമ്മനം ബാലസദനങ്ങളുടെ മേല്‍നോട്ടം, വിശ്വ ഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലൂടെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായി. നിലയ്ക്കല്‍ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നീ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി രാഷ്ട്രീയത്തിന്റെ മുഖ്യധാരിയിലേക്ക് പ്രവേശിച്ചു.
1983 മാര്‍ച്ച് 24-ന് ഒരു ക്രിസ്ത്യന്‍ പാതിരി, നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിനടുത്തായി, തന്റെ ഇടവകയിലെ രണ്ടംഗങ്ങള്‍ തോമാശ്ലീഹ 57 ല്‍ സ്ഥാപിച്ച ഒരു കല്‍ക്കുരിശ് കണ്ടെത്തി എന്നവകാശപ്പെട്ടു രംഗത്തെത്തുകയും അവിടെ പള്ളി പണിയാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തതിനെ എതിര്‍ക്കുകയും സമരത്തിലൂടെ വിജയം കണ്ടെത്തുകയും ചെയ്യാന്‍ കുമ്മനത്തിനു കഴിഞ്ഞു. നിലയ്ക്കല്‍ 18 മലകള്‍ ചേര്‍ന്ന അയ്യപ്പന്റെ പൂങ്കാവനമാണെന്നാണ് ഹിന്ദുക്കള്‍ കണക്കാക്കുന്നത്. ഇവിടെ പള്ളി നിര്‍മ്മിക്കാനുള്ള അവകാശവാദം നടത്തിയപ്പോള്‍ ഹിന്ദുക്കള്‍ അതിനെതിരേ പ്രക്ഷോഭമാരംഭിച്ചു ആറു മാസം നീണ്ടു നിന്ന പ്രക്ഷോഭത്തിലൂടെ പള്ളിയുടെ സ്ഥാനം മാറ്റുന്നതില്‍ അവസാനിക്കുകയും ചെയ്തു. ഇതാണ് നിലക്കല്‍ പ്രക്ഷോഭം. 2002 ല്‍ മാറാട് കടപ്പുറത്ത് മീന്‍പിടുത്തക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം ഹിന്ദു-മുസ്ലിം സംഘര്‍ഷമായി പരിണമിക്കുകയും ഒന്നാം മാറാട് കലാപത്തിന് കാരണമാകുകയും അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. 2003 ല്‍ വീണ്ടും ഈ മേഖലയില്‍ കലാപമുണ്ടാകുകയും ഒന്‍പത് ആള്‍ക്കാര്‍ കൊല്ലപ്പെടുകയും പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തോടനുബന്ധിച്ച് ഹിന്ദു ഐക്യ വേദി നടത്തിയ സമരങ്ങളില്‍ കുമ്മനം രാജശേഖരനാണ് പ്രധാന പങ്കു വഹിച്ചതും സമരത്തിന് നേതൃത്വം നല്‍കിയതും.
ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക, ഫലം താനേ വന്നു ചേരും എന്നതിന്റെ തെളിവാണ് കുമ്മനം രാജശേഖരന്‍. ഒരു പഞ്ചായത്ത് അംഗം പോലും ആകാൻ ആഗ്രഹിക്കാതെ പൊതു പ്രവർത്തനത്തിന് ഇറങ്ങിയയാൾ ഇന്ന് സംസ്ഥാന ഗവർണർ ആയിരിക്കുന്നു. എന്നാല്‍ കുമ്മനത്തിന്റെ ഗവണര്‍ പദവി പോലും ഇഷ്ടപ്പെടാത്തവര്‍ അദ്ദേഹത്തെ കളിയാക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുകയാണ് ചെയ്തത്. കൈയും വീശി ഒരു ജോഡി വസ്ത്രം പോലും ഇല്ലാതെ ഡൽഹിയിലെ മിസോറം ഹൗസിൽ എത്തിയ കുമ്മനത്തിന്റെ ലളിത ജീവിതം ഡല്‍ഹി എത്തിക്കഴിഞ്ഞാല്‍ സ്വന്തം രീതികളെ മറക്കുന്ന മഹാന്മാരായ നേതാക്കന്മാര്‍ കണ്ടു പഠിക്കേണ്ടതാണ്. അധികാരം തലയ്ക്ക് പിടിച്ച് അതില്‍ മതി മറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്ന ഒരു വ്യക്തി തന്നെയാണ് കുമ്മനം എന്നതില്‍ എതിര്‍ രാഷ്ട്രീയക്കാര്‍ക്ക് പോലും സംശയമില്ല. ഇത്തരത്തിലുള്ള ഒരു നേതാവിന്റെ ജീവിതശൈലിയെ വാഴ്ത്തുന്നതിന് പകരം വീഴ്ത്താനാണ് മലയാളി ശ്രമിക്കുന്നത്. കുമ്മനത്തിന്റെ രാഷ്ട്രീയത്തെ സ്വീകരിക്കുകയോ നിരാകരിക്കുകയോ വെറുപ്പോടെ തള്ളിക്കളയുകയോ ചെയ്യാം. ആ വ്യക്തിയിലുള്ള നന്മകള്‍ മലയാളികള്‍ കാണാതെ പോകരുത്.
അനിരുദ്ധന്‍
Post Your Comments