കൊല്ലം: ഫിഷറീസ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയുടെയും പോലീസുകാരുടെയും വീടാക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവമോര്‍ച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജിനെതിരെയാണ് വിദ്വേഷപ്രസംഗത്തിന് പൊലീസ് കേസെടുത്തത്. കുണ്ടറയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോള്‍ ആണ് മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് യുവമോര്‍ച്ച നേതാവ് ഭീഷണിപ്പെടുത്തിയത്.
യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടില്‍ അനധികൃതമായി കയറി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും വീടുകളില്‍ പരിശോധന നടത്തുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ വീട്ടില്‍ കയറി ആക്രമിക്കുമെന്നും ശ്യാംരാജ് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ശ്യാംരാജ് പോലീസ് കുടുംബാംഗങ്ങളുടെയും മന്ത്രിയുടെയും വീടാക്രമിക്കുമെന്ന് ഭീഷണിമുഴക്കി സംസാരിച്ചത്.
മന്ത്രി കെ.ടി ജലീല്‍ സഞ്ചരിച്ച കാറിനു കുറുകെ വണ്ടിയിട്ട് കരിങ്കൊടി കാണിച്ചതിനും അപകടപ്പെടുത്താന്‍ ശ്രമിച്ചതിനുമായി യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേ നേരത്തെ പോലീസ്‌കേ സെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടത്തിയാല്‍ പോലീസുകാരുടെ കുടുംബാംഗങ്ങള്‍ ജോലി ചെയ്യുന്നതെവിടെയാണെന്നും കുട്ടികളെവിടെയാണ് പഠിക്കുന്നതെന്നും അറിയാമെന്നും പോലീസുകാരുടെ വീടുകളിലെത്തുമെന്നുമുള്ള തരത്തിലുള്ള ഭീഷണി സന്ദേശമാണ് ശ്യാം രാജിന്റെ ഭാഗത്തു നിന്നുണ്ടായത്.
Post Your Comments