കോട്ടയത്ത് നടന്ന ദുരഭിമാന കൊലയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എന്നാല്‍ അപകടത്തില്‍പെടുന്നതിന് തൊട്ടുമുന്‍പ് നീനുവും കെവിനും ഒരുപാട് സമയം ഫോണില്‍ സംസാരിച്ചിരുന്നു. ഹോസ്റ്റലിൽ ആയിരുന്ന നീനുവിനെ കെവിൻ ആശ്വസിപ്പിച്ചു. പേടിക്കണ്ട കാര്യമില്ലെന്നും താന്‍ വന്നു നിന്നെ കൂട്ടിക്കൊണ്ടു പോകുമെന്നും നീനുവിന് കെവിന്‍ ഉറപ്പു നല്‍കുകയും ചെയ്തു. രാത്രി ഒന്നര വരെ ഇരുവരും ഫോണിൽ സംസാരിച്ചു. അപ്പോഴോന്നും ഇങ്ങനെ ഒരു അപകടം സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് കണ്ണീരോടെ നീനു പറയുന്നു.
വിവാഹം റജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വാർഡ് മെംബറോടു ഞായറാഴ്ച സംസാരിക്കണമെന്നും രാവിലെ വിളിച്ച് എഴുന്നേൽപിക്കണമെന്നും അവൻ പറഞ്ഞു. ഫോൺ വച്ചയുടനെയാണു ഗുണ്ടാസംഘം മാന്നാനത്ത് അനീഷിന്റെ വീട് ആക്രമിക്കുന്നത്. നീനുവിനെ തട്ടിക്കൊണ്ടു പോകാനായിരുന്നു സാനുവിന്റെ നേതൃത്വത്തിലുളള സംഘം ഞായാറാഴ്ച പുലർച്ചെ മാന്നാനത്ത് എത്തിയത്. എന്നാല്‍ നീനു മാന്നാനത്ത് അനീഷിന്റെ വീട്ടിൽ ഇല്ലെന്ന് അറിഞ്ഞ സംഘം കെവിനെയും അനീഷിനെയും കൊണ്ടുപോകുകയായിരുന്നു.
കെവിനുമായി ഒരു സംഘവും അനീഷുമായി മറ്റൊരു സംഘവും വ്യത്യസ്ത വഴികളിലൂടെയാണു തെന്മലയിൽ എത്തിയത്. ചാലിയേക്കരയിൽവച്ചു രണ്ടു സംഘവും ഒരുമിച്ചു. അനീഷിനെ പിടികൂടിയ സംഘം കോട്ടയത്തിനു മടങ്ങാൻ തീരുമാനിച്ചു. കോട്ടയത്തേക്കു വരുന്നവഴി അനീഷിനോടു ഗാന്ധിനഗർ പൊലീസിൽ വിളിക്കാൻ ഗുണ്ടാ സംഘം ആവശ്യപ്പെട്ടു.
ഇരുവരെയും തെന്മല വെള്ളിമറ്റത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പാർപ്പിക്കാമെന്നും നീനുവിനെ വീണ്ടെടുക്കാമെന്നും സംഘം കണക്കുകൂട്ടി. എന്നാല്‍ കെവിന് അപകടം സംഭവിച്ചതറിയാതെ ഞായറാഴ്ച പുലർച്ചെ 5.45നു നീനു കെവിനെ വിളിച്ചു. എന്നാൽ ആരോ ആ ഫോൺ കോൾ കട്ട് ചെയ്തു. ഉറക്കത്തിനിടെ കെവിൻ കട്ട് ചെയ്തതാകുമെന്നു കരുതിയ നീനു ആറുമണിയോടെ വീണ്ടും വിളിച്ചു. ആരും ഫോൺ എടുത്തില്ല. ഇതോടെ കെവിന്റെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചു. അവർ സംഭവങ്ങൾ നീനുവിനെ അറിയിച്ചില്ല. പിന്നീടാണു സംഭവങ്ങൾ നീനു അറിയുന്നതും പൊലീസ് സ്റ്റേഷനിലെത്തുന്നതും.
Post Your Comments